ദില്ലി: ഇന്ത്യൻ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ മഹാനടൻ മോഹൻലാൽ. ദില്ലിയിലെ വിജ്ഞാൻ ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി ദ്രൗപദി മുർമുവിൽ നിന്നാണ് അദ്ദേഹം പുരസ്കാരം ഏറ്റുവാങ്ങിയത്. നിറഞ്ഞ കൈയ്യടികളോടെയായിരുന്നു സദസ്സ് അദ്ദേഹത്തെ വേദിയിലേക്ക് സ്വീകരിച്ചത്. ഭാര്യ സുചിത്രയും ചടങ്ങിന് സാക്ഷ്യം വഹിക്കാൻ മോഹൻലാലിനൊപ്പം ഉണ്ടായിരുന്നു.
2023-ലെ പുരസ്കാരമാണ് മോഹൻലാലിന് ലഭിച്ചത്. ചടങ്ങിൽ മോഹൻലാലിനെ ‘ലാലേട്ടൻ’ എന്ന് വിശേഷിപ്പിച്ച് എംഐബി സെക്രട്ടറി സഞ്ജയ് ജാജു നടത്തിയ സ്വാഗത പ്രസംഗം ശ്രദ്ധ നേടി. “താങ്കൾ ഒരു ഉഗ്രൻ നടനാണ്” എന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അശ്വിനി വൈഷ്ണവ് മോഹൻലാലിനെ പ്രശംസിച്ചു. പുരസ്കാരം നൽകിയതിന് പിന്നാലെ അദ്ദേഹത്തിൻ്റെ സിനിമാ ജീവിതം സംബന്ധിച്ച വീഡിയോയും വേദിയിൽ പ്രദർശിപ്പിച്ചു. “എൻ്റെ ആത്മാവിൻ്റെ സ്പന്ദനമാണ് സിനിമ” എന്ന് പുരസ്കാരം സ്വീകരിച്ചുകൊണ്ട് മോഹൻലാൽ പറഞ്ഞു.
കഴിഞ്ഞ സെപ്റ്റംബർ 20-നാണ് മോഹൻലാലിന് ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം സമ്മാനിക്കുമെന്ന് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം അറിയിച്ചത്. തലമുറകളെ പ്രചോദിപ്പിക്കുന്നതാണ് മോഹൻലാലിൻ്റെ സിനിമാ യാത്രയെന്നും മന്ത്രാലയം അഭിപ്രായപ്പെട്ടു. മലയാള സിനിമയ്ക്ക് ലഭിക്കുന്ന രണ്ടാമത്തെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരമാണിത്. 2004-ൽ അടൂർ ഗോപാലകൃഷ്ണനായിരുന്നു ആദ്യമായി ഈ പുരസ്കാരം ലഭിച്ചത്.
നാല് പതിറ്റാണ്ടായി മലയാള സിനിമയിൽ സജീവ സാന്നിധ്യമാണ് മോഹൻലാൽ. വില്ലനായി സിനിമ ജീവിതം ആരംഭിച്ച അദ്ദേഹം പിന്നീട് മലയാള സിനിമയുടെ മുഖമായി മാറി. അഞ്ച് ദേശീയ പുരസ്കാരങ്ങൾ നേടിയ മോഹൻലാൽ, പിന്നണി ഗായകനായും സംവിധായകനായും തിളങ്ങിയിട്ടുണ്ട്. 2001-ൽ പത്മശ്രീയും, 2019-ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Malayalam actor Mohanlal receives the Dadasaheb Phalke Award, the highest honor in Indian cinema.



