എച്ച്1ബി വീസയുമായി ബന്ധപ്പെട്ട പുതിയ ഫീസ് വർധനയെ തുടർന്ന് യുഎസിൽനിന്ന് ഇന്ത്യയിലേക്കുള്ള ഒട്ടേറെപ്പേർ യാത്ര ഉപേക്ഷിച്ചു. ദുർഗാപൂജ അവധിക്കാലം പ്രമാണിച്ച് നാട്ടിലേക്ക് വരാനിരുന്നവരാണ് ഇതിൽ ഭൂരിഭാഗവും. യുഎസ് വിമാനത്താവളങ്ങളിലും ദുബായ്, മറ്റ് ട്രാൻസിറ്റ് വിമാനത്താവളങ്ങളിലും ഇതേത്തുടർന്ന് യാത്രക്കാർ ആശങ്കയിലായി. സാൻഫ്രാൻസിസ്കോ വിമാനത്താവളത്തിൽനിന്ന് പുറപ്പെടാനിരുന്ന എമിറേറ്റ്സിന്റെ വിമാനം മണിക്കൂറുകളോളം വൈകി. വീസാ ഫീസ് നിരക്ക് വർധനയെക്കുറിച്ചുള്ള വാർത്ത പുറത്തുവന്ന ഉടൻതന്നെ ദുബായ് വിമാനത്താവളത്തിൽ 10-15 യാത്രക്കാർ ഇന്ത്യയിലേക്കുള്ള യാത്ര ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഇന്ത്യയിലേക്കു വന്നവർക്ക് മാത്രമല്ല, യുഎസിലേക്കു മടങ്ങാൻ തയ്യാറെടുക്കുന്നവർക്കും പുതിയ സാഹചര്യങ്ങൾ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. യുഎസിലേക്കു മടങ്ങുന്ന ഇന്ത്യക്കാർക്ക് എല്ലാ സഹായങ്ങളും നൽകാൻ എംബസികൾക്കും കോൺസുലേറ്റുകൾക്കും വിദേശകാര്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. പ്രതിസന്ധി പരിഹരിക്കാൻ യുഎസ് സർക്കാർ ഉചിതമായ നടപടി സ്വീകരിക്കുമെന്നാണ് ഇന്ത്യയുടെ പ്രതീക്ഷയെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
അതേസമയം, പുതിയ വീസാ ഫീസ് വർധനയെ തുടർന്ന് ഇന്ത്യയിൽനിന്ന് യുഎസിലേക്കുള്ള വിമാന ടിക്കറ്റ് നിരക്കുകളും കുതിച്ചുയർന്നു. ഡൽഹിയിൽനിന്ന് ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നിരക്ക് 37,000 രൂപയിൽനിന്ന് 70,000-80,000 രൂപയായി ഉയർന്നിട്ടുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
H1B visa crisis disrupts expats' Durga Puja; travelers worried



