വാൻകൂവർ: മെട്രോ വാൻകൂവറിൽ വാഹനങ്ങളുടെ കാറ്റലിറ്റിക് കൺവെർട്ടർ മോഷണം ഗണ്യമായി വർധിച്ചതായി പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ്. വിലയേറിയ ലോഹങ്ങൾ അടങ്ങിയിട്ടുള്ള കാറ്റലിറ്റിക് കൺവെർട്ടറുകൾ ലക്ഷ്യമിട്ടാണ് ഇത്തരം മോഷണങ്ങൾ നടക്കുന്നത്. വാഹനത്തിന്റെ നിര്‍ണായക ഘടകമാണ് കാറ്റലിറ്റിക് കണ്‍വെര്‍ട്ടര്‍. മോഷ്ടിക്കപ്പെട്ട ഒരെണ്ണം മാറ്റിസ്ഥാപിക്കാൻ വലിയ തുക ചെലവാക്കേണ്ടി വരുമെന്ന് ലാംഗ്ലി ആർസിഎംപി വ്യക്തമാക്കി.
മോഷ്ടാക്കൾ സാധാരണയായി ഡ്രൈവ്‌വേകളിലും, സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലും, തെരുവുകളിലും പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളെയാണ് ലക്ഷ്യമിടുന്നത്. ഈ മോഷണങ്ങളിൽ ഭൂരിഭാഗവും അർധരാത്രിയിലോ പുലർച്ചെയോ ആണ് നടക്കുന്നതെന്ന് ലാംഗ്ലി ആർസിഎംപി സെർജന്റ് സൈനൽ ഷാരൂം പറയുന്നു. ഉയരം കൂടിയ ഗ്രൗണ്ട് ക്ലിയറൻസ് ഉള്ളതുകൊണ്ട് എസ്.യു.വികൾ, പിക്കപ്പ് ട്രക്കുകൾ, വാനുകൾ തുടങ്ങിയ വലിയ വാഹനങ്ങളാണ് കൂടുതൽ മോഷണം പോകുന്നത് .
മോഷണം തടയാൻ പൊതുജനങ്ങൾ എല്ലാവിധ സുരക്ഷാ മുൻകരുതലുകളും സ്വീകരിക്കണമെന്ന് പോലീസ് നിർദ്ദേശിച്ചു. സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ പോലീസിനെ അറിയിക്കണം. മോഷണം നടന്നതായി കണ്ടെത്തിയാലോ, അടിയന്തര സാഹചര്യങ്ങളിലോ 911-ൽ വിളിച്ച് വിവരം റിപ്പോർട്ട് ചെയ്യണമെന്നും പോലീസ് അഭ്യർത്ഥിച്ചു.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Be careful of vehicles: RCMP warns of theft threat in Metro Vancouver



