ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കമ്പനിയായ Anthropic, പൈറേറ്റഡ് പുസ്തകങ്ങൾ ഉപയോഗിച്ച് തങ്ങളുടെ AI ചാറ്റ്ബോട്ട് ആയ ‘ക്ലോഡി’നെ പരിശീലിപ്പിച്ചെന്ന ആരോപണത്തിൽ എഴുത്തുകാർക്ക് 1.5 ബില്യൺ ഡോളർ നൽകി കേസ് ഒത്തുതീർപ്പാക്കാൻ ധാരണയായി. അനുമതിയില്ലാതെ തങ്ങളുടെ പുസ്തകങ്ങൾ ഉപയോഗിച്ചുവെന്ന് ആരോപിച്ച് ഒരു കൂട്ടം എഴുത്തുകാർ ഫയൽ ചെയ്ത ക്ലാസ്-ആക്ഷൻ കേസാണിത്. നിയമപരമായ നടപടികൾ ഒഴിവാക്കാൻ ആഗസ്റ്റിൽ തന്നെ ഒത്തുതീർപ്പിന് ശ്രമിച്ചിരുന്നെങ്കിലും തുകയുടെ വിവരം പുറത്തുവിട്ടിരുന്നില്ല. ഫയലിംഗ് അനുസരിച്ച്, ചരിത്രത്തിലെ ഏറ്റവും വലിയ പകർപ്പവകാശ നഷ്ടപരിഹാര കേസായി ഇത് മാറും. ഈ ഒത്തുതീർപ്പ് മറ്റ് AI കമ്പനികൾക്കെതിരെ ഫയൽ ചെയ്തിട്ടുള്ള സമാന കേസുകളിൽ ഒരു വഴിത്തിരിവാകുമെന്നും വിലയിരുത്തപ്പെടുന്നു.
ഒത്തുതീർപ്പിന്റെ ഭാഗമായി, പൈറേറ്റഡ് സൈറ്റുകളിൽ നിന്ന് ഡൗൺലോഡ് ചെയ്ത പുസ്തകങ്ങളുടെ കോപ്പികൾ നശിപ്പിക്കുമെന്ന് Anthropic അറിയിച്ചിട്ടുണ്ട്. എന്നാൽ, കമ്പനിയുടെ AI മോഡലുകൾ സൃഷ്ടിക്കുന്ന ഉള്ളടക്കവുമായി ബന്ധപ്പെട്ട പകർപ്പവകാശ ലംഘനങ്ങളിൽ തുടർന്നും നിയമനടപടികൾ നേരിടേണ്ടി വന്നേക്കാം. AI സംവിധാനങ്ങൾ സുരക്ഷിതമായി വികസിപ്പിക്കുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് കമ്പനി പ്രസ്താവനയിൽ അറിയിച്ചു. ഏകദേശം 500,000 കൃതികൾ ഈ ഒത്തുതീർപ്പിൽ ഉൾപ്പെടുന്നുണ്ടെന്നും, ഓരോ എഴുത്തുകാരനും ഏകദേശം 3,000 ഡോളർ വീതം ലഭിക്കുമെന്നും എഴുത്തുകാരുടെ സംഘടനയായ ഓതേഴ്സ് ഗിൽഡ് വ്യക്തമാക്കി.
AI മോഡലുകൾ വികസിപ്പിക്കുന്നതിന് ഉപയോഗിക്കുന്ന പുസ്തകങ്ങൾക്ക് കമ്പനികൾ പ്രതിഫലം നൽകേണ്ടതുണ്ടെന്ന വ്യക്തമായ സന്ദേശമാണ് ഈ ഒത്തുതീർപ്പ്. AI പരിശീലനത്തിനായി കോപ്പിയറൈറ്റ് ഉള്ള ഉള്ളടക്കങ്ങൾ ഉപയോഗിക്കുന്നത് “ഫെയർ യൂസ്” പരിധിയിൽ വരുമെന്നാണ് ടെക് കമ്പനികളുടെ വാദം. പകർപ്പവകാശ നിയമലംഘനവുമായി ബന്ധപ്പെട്ട് OpenAI, Microsoft, Meta Platforms തുടങ്ങിയ കമ്പനികൾക്കെതിരെയും സമാനമായ കേസുകൾ നിലവിലുണ്ട്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Copyright case settlement; Anthropic to pay $1.5 billion to authors






