ടൊറന്റോയിലും ഒന്റാറിയോയുടെ വിവിധ ഭാഗങ്ങളിലും ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ ഏജൻസിയായ എൻവിറോൺമെന്റ് കാനഡ മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്ന് വിവിധ പ്രദേശങ്ങളിൽ പ്രത്യേക കാലാവസ്ഥാ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ചുഴലിക്കാറ്റ് പോലുള്ള ഒരു ന്യൂനമർദം വടക്കുകിഴക്കൻ ഒന്റാറിയോയിലേക്ക് നീങ്ങുന്നതിനാൽ തെക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് ശക്തമായ കാറ്റുവീശാൻ സാധ്യതയുണ്ടെന്ന് എൻവിറോൺമെന്റ് കാനഡയുടെ അറിയിപ്പിൽ പറയുന്നു.
ശക്തമായ കാറ്റുവീശാൻ സാധ്യതയുള്ളതിനാൽ കൂടുതൽ പ്രദേശങ്ങളിൽ മുന്നറിയിപ്പ് നൽകേണ്ടിവരുമെന്നും ഏജൻസി വ്യക്തമാക്കി. കാറ്റിന്റെ വേഗം മണിക്കൂറിൽ 70 മുതൽ 90 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. അതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു. മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
വെള്ളിയാഴ്ച ടൊറന്റോയിൽ ഭാഗികമായി മേഘാവൃതമായിരിക്കും. ഉച്ചയ്ക്ക് ശേഷം 30 ശതമാനം മഴയ്ക്ക് സാധ്യതയുണ്ട്. പകൽ താപനില 25°C വരെ ഉയരാം. ഈർപ്പം കാരണം ഇത് 28°C ആയി അനുഭവപ്പെടാം. വാരാന്ത്യത്തിൽ താപനില കുറയുമെന്നാണ് കാലാവസ്ഥാ പ്രവചനം. ശനിയാഴ്ച കൂടിയ താപനില 21°C ഉം ഞായറാഴ്ച 20°C ഉം ആയിരിക്കും. തണുപ്പുകാലം തുടങ്ങുന്നതിന് മുന്നോടിയായുള്ള താപനില മാറ്റങ്ങളായാണ് ഇതിനെ വിലയിരുത്തുന്നത്.



