ടൊറന്റോ: കാനഡയിലെ മലയാളികൾ അഭിനേതാക്കളും അണിയറ പ്രവർത്തകരുമായി അണിനിരക്കുന്ന ബൈബിൾ കഥാ നാടകം ‘ഇറ്റേണിറ്റി’ ലോകറെക്കോഡ് ലക്ഷ്യമിട്ട് ഒഷാവയിൽ അരങ്ങേറാനൊരുങ്ങുന്നു. കാനഡയിലെ സീറോ മലബാർ രൂപതയുടെ പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായാണ് ഈ നാടകം അവതരിപ്പിക്കുന്നത്.
യൂണിവേഴ്സൽ റെക്കോർഡ് ഫോറം (URF) ലോക റെക്കോർഡിനായി ‘ഇറ്റേണിറ്റി’യെ പരിഗണിക്കുമെന്ന് രേഖാമൂലം അറിയിച്ചിട്ടുണ്ട്. അഭിനേതാക്കളുടെ എണ്ണം, മുതൽമുടക്ക് എന്നിവയുടെ അടിസ്ഥാനത്തിലാണ് നാടകം ലോക റെക്കോർഡിന് അർഹമായത്. ഏകദേശം 65 ലക്ഷം രൂപയാണ് (75,000 യുഎസ് ഡോളർ) മുതൽമുടക്ക്. ഒന്നു മുതൽ 65 വയസ്സുവരെയുള്ള 350-ഓളം പ്രധാന അഭിനേതാക്കൾ ഈ നാടകത്തിൽ അണിനിരക്കും.
രണ്ട് വർഷത്തിലേറെ നീണ്ട കഠിനാധ്വാനത്തിന് ശേഷമാണ് ‘ഇറ്റേണിറ്റി’ അരങ്ങിലെത്തുന്നതെന്ന് സംവിധായകൻ ബിജു തയ്യിൽച്ചിറ പറഞ്ഞു. 350-ഓളം അഭിനേതാക്കളെ കണ്ടെത്തുക എന്നതായിരുന്നു വലിയ വെല്ലുവിളി. സിനിമാറ്റിക് ഡ്രാമയുടെ മാതൃകയിൽ ഒരു വർഷത്തോളമെടുത്താണ് രംഗപടം ഒരുക്കിയത്. രൂപതാധ്യക്ഷൻ മാർ ജോസ് കല്ലിവേലിന്റെ പിന്തുണയാണ് ഈ സംരംഭം യാഥാർഥ്യമാക്കാൻ സഹായിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രശസ്ത സിനിമാ-നാടക നടൻ ബിജു തയ്യിൽച്ചിറയാണ് നാടകത്തിന്റെ മുഖ്യ സംവിധായകൻ. നടന്മാരായ ഷോബി തിലകൻ, കൊല്ലം തുളസി എന്നിവർ നാടകത്തിന് ശബ്ദം നൽകുന്നു. തെന്നിന്ത്യൻ ചലച്ചിത്രരംഗത്തെ പ്രമുഖ വസ്ത്രാലങ്കാരകനായ പളനിയാണ് വസ്ത്രാലങ്കാരം നിർവഹിക്കുന്നത്. അസോസിയേറ്റ് ഡയറക്ടർമാരായി സജി ജോർജ്, സെബി വർഗീസ് എന്നിവരും, മാനേജിംഗ് ഡയറക്ടറായി തോമസ് വർഗീസും പ്രവർത്തിക്കുന്നു. മാത്യു ജോർജ്ജ് തിരക്കഥയും, മാത്യൂസ് മാത്യൂസ് ശബ്ദസാങ്കേതികതയും കൈകാര്യം ചെയ്യുന്നു.20 സഹസംവിധായകരും, 50 മേക്കപ്പ് കലാകാരന്മാരും, 60 വസ്ത്രാലങ്കാര സഹായികളും, 75 കലാസംവിധാന സഹായികളും, 45 സാങ്കേതിക വിദഗ്ധരും നാടകത്തിന്റെ ഭാഗമാണ്.
രണ്ടര മണിക്കൂർ ദൈർഘ്യമുള്ള നാടകത്തിൽ 26 രംഗങ്ങളും അഞ്ച് നൃത്തങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരേ സമയം മൂന്ന് സ്റ്റേജുകളിലായാണ് നാടകം അവതരിപ്പിക്കുന്നത്. ടൊറന്റോ, ഹാമിൽട്ടൺ, ഓഷാവ, മിസ്സിസ്സാഗ എന്നിവിടങ്ങളിലെ ഇടവക കൂട്ടായ്മകളുടെ നേതൃത്വത്തിലാണ് പരിശീലനം നടക്കുന്നത്.
📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/JNSnrvnSqw1DUJljLTLp82
Canadian Malayali's play 'Eternity' aims for world record; to hit the stage on September 13



