കൊച്ചി: നടൻ മോഹൻലാലിന്റെ പുതിയ വിമാനയാത്രയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സുഹൃത്തും ബിസിനസുകാരനുമായ ജോസ് തോമസിനൊപ്പം സ്വകാര്യ വിമാനത്തിൽ യാത്ര ചെയ്യുന്ന വീഡിയോയാണ് മോഹൻലാൽ പങ്കുവെച്ചത്. ‘എന്റെ സുഹൃത്ത് ജെടി പൈലറ്റാകുമ്പോൾ സാഹസികതയ്ക്ക് പുതിയ അർഥം കൈവരും’ എന്ന കുറിപ്പോടെയാണ് മോഹൻലാൽ വീഡിയോ പോസ്റ്റ് ചെയ്തത്.
മോഹൻലാലിന്റെ വീഡിയോയ്ക്ക് താഴെ നിരവധി ആരാധകരാണ് കമന്റുകളുമായി എത്തുന്നത്.
‘സൂപ്പർഹിറ്റുകൾ സമ്മാനിച്ചിട്ട് പറന്നുനടക്കുന്നു’, ‘ലാലേട്ടാ സൂപ്പർ വീഡിയോ’, ‘അടുത്ത പടം ചെയ്യണ്ടേ, വേഗം തിരിച്ചു വരൂ’ എന്നിങ്ങനെയുളള കമന്റുകളാണ് പോസ്റ്റിന് താഴെ നിറയുന്നത്. അതേസമയം, ഓണം റിലീസായി തിയേറ്ററുകളിൽ എത്തിയ മോഹൻലാൽ ചിത്രം ‘ഹൃദയപൂർവ്വം’ മികച്ച വിജയം നേടി മുന്നേറുകയാണ്. ചിത്രം ആഗോളതലത്തിൽ 33 കോടി രൂപയിലധികം കളക്ഷൻ നേടിയതായാണ് റിപ്പോർട്ട്.
ആദ്യ ദിവസം 8.42 കോടി നേടിയ ചിത്രം, രണ്ടാം ദിവസം 7.93 കോടിയും മൂന്നാം ദിവസം 8.66 കോടിയും നേടി. യുവജനങ്ങളെയും മുതിർന്നവരെയും ഒരുപോലെ ആകർഷിച്ച ചിത്രം മികച്ച പ്രതികരണങ്ങൾ നേടി മുന്നേറുകയാണ്. മോഹൻലാൽ-സംഗീത് പ്രതാപ് കോമ്പോയുടെ പ്രകടനം എടുത്തുപറയേണ്ടതാണെന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.



