തിരുവനന്തപുരം: മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ പുതിയ വഴിത്തിരിവ്. ഒന്നിലധികം യുവതികൾ ഗർഭഛിദ്രത്തിന് ഇരയായിട്ടുണ്ടെന്ന് അന്വേഷണ സംഘം സംശയിക്കുന്നതായി റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ക്രൈംബ്രാഞ്ച് സംഘം ആശുപത്രികൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കി. ഒരു യുവതിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയത് ബെംഗളൂരുവിലാണെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട ചികിത്സാരേഖകൾ ശേഖരിക്കാനാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. ലൈംഗികാരോപണക്കേസിൽ ഇരകളായ യുവതികളുടെ മൊഴി രേഖപ്പെടുത്താനുള്ള ശ്രമത്തിലാണ് പോലീസ്. മൊഴി ലഭിക്കാത്ത പക്ഷം നിയമോപദേശം തേടാനും തീരുമാനിച്ചിട്ടുണ്ട്. ഗർഭഛിദ്രത്തിനായി യുവതികളെ രാഹുൽ ഭീഷണിപ്പെടുത്തിയതിന്റെ തെളിവുകൾ നേരത്തെ ഒരു മാധ്യമം പുറത്തുവിട്ടിരുന്നു. ഇതിനെത്തുടർന്ന് കടുത്ത സമ്മർദ്ദത്തിലായ കോൺഗ്രസ് നേതൃത്വം രാഹുൽ മാങ്കൂട്ടത്തിനെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയിരുന്നു.
അന്വേഷണത്തിന്റെ ഭാഗമായി രാഹുലിന്റെ സാമ്പത്തിക ഇടപാടുകളും പരിശോധിക്കും. കേസിന്റെ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി നാല് വനിതാ മാധ്യമപ്രവർത്തകരുടെ മൊഴി രേഖപ്പെടുത്താനും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്. യുവതിക്ക് രാഹുൽ അയച്ച വാട്‌സ്ആപ്പ്, ടെലഗ്രാം ചാറ്റുകൾ നേരത്തെ പുറത്തുവന്നിരുന്നു.
ഡോക്ടറെ കാണാതെ മരുന്ന് കഴിച്ച് ഗർഭഛിദ്രം നടത്താൻ നിർബന്ധിക്കുന്ന സംഭാഷണങ്ങളായിരുന്നു അതിലുണ്ടായിരുന്നത്. മരുന്ന് കഴിച്ചാലുണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങളെക്കുറിച്ച് യുവതി മുന്നറിയിപ്പ് നൽകിയിട്ടും രാഹുൽ അത് അവഗണിക്കുന്നതായി ചാറ്റുകളിൽ വ്യക്തമായിരുന്നു.



