കത്തോലിക്കാ സഭയിലെ LGBTQ വിഭാഗങ്ങളെ പിന്തുണയ്ക്കുന്ന പ്രമുഖ പ്രവർത്തകരിൽ ഒരാളായ ഫാ. ജയിംസ് മാർട്ടിനുമായി മാർപാപ്പ ലിയോ XIV കൂടിക്കാഴ്ച നടത്തി. തൻ്റെ മുൻഗാമിയായ ഫ്രാൻസിസ് മാർപാപ്പയുടെ അതേ സമീപനം തന്നെയാണ് ലിയോ മാർപാപ്പയ്ക്കും ഉള്ളതെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഫാ. മാർട്ടിൻ മാധ്യമങ്ങളോട് പറഞ്ഞു. ഫ്രാൻസിസ് മാർപാപ്പയെപ്പോലെ ലിയോ മാർപാപ്പയും എല്ലാ വിഭാഗം ജനങ്ങളെയും, പ്രത്യേകിച്ച് LGBTQ വിഭാഗത്തെയും, സഭയിലേക്ക് സ്വാഗതം ചെയ്യാൻ ആഗ്രഹിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫാ. ജയിംസ് മാർട്ടിനുമായി ലിയോ മാർപാപ്പ നടത്തിയ കൂടിക്കാഴ്ച ഔദ്യോഗികമായി വത്തിക്കാൻ തന്നെ സ്ഥിരീകരിച്ചു. ഫ്രാൻസിസ് മാർപാപ്പയുടെ കാലഘട്ടത്തിൽ സഭയിൽ വലിയ സ്വീകാര്യത ലഭിച്ച വിഭാഗമാണ് LGBTQ. ‘ആരെ വിധിക്കാൻ എനിക്കെന്തവകാശം?’ എന്ന ഫ്രാൻസിസ് മാർപാപ്പയുടെ പ്രസ്താവന വലിയ ചർച്ചകൾക്ക് വഴിവച്ചിരുന്നു. സ്വവർഗാനുരാഗികളായ ആളുകൾക്ക് പുരോഹിതർക്ക് ആശീർവാദം നൽകാൻ അനുവാദം നൽകിയതും ഈ നയത്തിന്റെ ഭാഗമായിരുന്നു. ലിയോ മാർപാപ്പയുടെ നിലപാടുകൾ ഫ്രാൻസിസ് മാർപാപ്പയുടെ നിലപാടുകൾക്ക് തുടർച്ച നൽകുന്നുണ്ടോയെന്ന സംശയങ്ങൾ ഈ കൂടിക്കാഴ്ചയോടെ അവസാനിച്ചു.
അതേസമയം, ലിയോ മാർപാപ്പയുടെ കൂടിക്കാഴ്ചയെ യാഥാസ്ഥിതിക വിഭാഗം ആശങ്കയോടെയാണ് കാണുന്നത്. മുൻപ് LGBTQ വിഭാഗത്തെ വിമർശിച്ച് ലിയോ മാർപാപ്പ പ്രസ്താവനകൾ നടത്തിയിരുന്നു. 2012-ൽ അദ്ദേഹം നടത്തിയ ഒരു പ്രസംഗത്തിൽ ‘സ്വവർഗാനുരാഗം’ എന്ന ജീവിതശൈലിയെയും, മാധ്യമങ്ങൾ ഇതിന് നൽകുന്ന അമിത പ്രാധാന്യത്തെയും വിമർശിച്ചിരുന്നു. എന്നാൽ കർദിനാളായി സ്ഥാനമേറ്റ ശേഷം, ഫ്രാൻസിസ് മാർപാപ്പയുടെ നയങ്ങളെ താൻ അംഗീകരിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചു.
“The path of Francis will continue”; Pope Leo XIV assures in meeting with Fr. James Martin



