കൊച്ചി: ‘മഞ്ഞുമ്മൽ ബോയ്‌സ്’ സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതികളായ നടൻ സൗബിൻ ഷാഹിറിനും നിർമ്മാതാവ് ഷോൺ ആന്റണിക്കും വിദേശയാത്രയ്ക്ക് കോടതി അനുമതി നിഷേധിച്ചു. ദുബായിൽ നടക്കുന്ന സൈമ അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഇവർ നൽകിയ അപേക്ഷ എറണാകുളം മജിസ്‌ട്രേറ്റ് കോടതി തള്ളുകയായിരുന്നു. കേസിലെ പ്രധാന സാക്ഷി ദുബായിലാണെന്നും, സൗബിനും ഷോണും അവിടെയെത്തിയാൽ സാക്ഷിയെ സ്വാധീനിക്കാൻ സാധ്യതയുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു.
ഈ വാദം പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. മഞ്ഞുമ്മൽ ബോയ്‌സിന് മികച്ച സിനിമയ്ക്കുള്ള സൈമ അവാർഡ് ലഭിച്ചിരുന്നു. ഈ പുരസ്‌കാരം ഏറ്റുവാങ്ങാനാണ് ഇവർ വിദേശത്തേക്ക് പോകാൻ അനുമതി തേടിയത്. അതേസമയം, കേസുമായി ബന്ധപ്പെട്ട പോലീസ് നടപടികൾ വൈകിപ്പിച്ചതിന് ഒരു പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും റിപ്പോർട്ടുകളുണ്ട്. സിനിമയുടെ നിർമ്മാണത്തിനായി ഏഴുകോടി രൂപ വാങ്ങി ലാഭവിഹിതം നൽകാതെ വഞ്ചിച്ചുവെന്ന് ആരോപിച്ച് അരൂർ സ്വദേശി സിറാജ് വലിയതുറയാണ് സൗബിൻ ഷാഹിറിനും മറ്റ് നിർമ്മാതാക്കൾക്കുമെതിരെ പരാതി നൽകിയത്.
സിനിമയുടെ 40 ശതമാനം ലാഭം വാഗ്ദാനം ചെയ്തായിരുന്നു പണം കൈപ്പറ്റിയതെന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ, പണം കൃത്യസമയത്ത് നൽകാത്തത് കാരണം ഷൂട്ടിംഗ് മുടങ്ങുകയും വലിയ സാമ്പത്തിക നഷ്ടമുണ്ടാവുകയും ചെയ്തതുകൊണ്ടാണ് ലാഭവിഹിതം നൽകാത്തതെന്നാണ് നിർമ്മാതാക്കളുടെ വാദം. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും, അന്വേഷണം തുടരാൻ ഹൈക്കോടതി നിർദ്ദേശിക്കുകയായിരുന്നു.



