ആറുവർഷത്തെ ഭരണത്തിനൊടുവിൽ, ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ഡെന്നിസ് കിംഗ് സ്ഥാനമൊഴിയുന്നു!
പ്രിൻസ് എഡ്വേഡ് ഐലൻഡിന്റെ പ്രിമിയറായ ഡെന്നിസ് കിംഗ് (53) തന്റെ സ്ഥാനത്തു നിന്നും അപ്രതീക്ഷിതമായി രാജിവെച്ചു. 2025 ഫെബ്രുവരി 20-ന് പ്രഖ്യാപിച്ച ഈ തീരുമാനം രാഷ്ട്രീയ വൃത്തങ്ങളിൽ ഞെട്ടലുണ്ടാക്കി. പ്രൊഗ്രസീവ് കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വത്തിൽ നിന്നും, ബ്രാക്ലി-ഹണ്ടർ റിവർ എം എൽ എ സ്ഥാനത്തു നിന്നും കിംഗ് വെള്ളിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് പിൻമാറും.
കുടുംബവുമായി നീണ്ട ചർച്ചകൾക്കു ശേഷമാണ് ഈ തീരുമാനമെന്ന് കിംഗ് വ്യക്തമാക്കി. ജോലിയുടെ സമ്മർദ്ദം തന്റെ വ്യക്തിജീവിതത്തെയും മാനസികാരോഗ്യത്തെയും സാരമായി ബാധിച്ചുവെന്ന് അദ്ദേഹം തുറന്നു സമ്മതിച്ചു. ഭാവിയിൽ രാഷ്ട്രീയരംഗത്തേക്ക് തിരികെ വരില്ലെന്നും കിംഗ് വ്യക്തമാക്കി.
ഹരിക്കേനുകൾ, കോവിഡ്-19 മഹാമാരി, ഉരുളക്കിഴങ്ങ് വ്യവസായത്തിലെ പ്രതിസന്ധികൾ എന്നിവയുൾപ്പെടെ നിരവധി വെല്ലുവിളികളെ നേരിട്ടെങ്കിലും തന്റെ സർക്കാരിന്റെ നേട്ടങ്ങളെക്കുറിച്ച് കിംഗ് അഭിമാനം പ്രകടിപ്പിച്ചു. പാർട്ടി രാഷ്ട്രീയത്തിനപ്പുറം സംസ്ഥാനത്തിന്റെ ജനങ്ങൾക്ക് മുൻഗണന നൽകിയാണ് താൻ നേതൃത്വം നൽകിയതെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
പി സി പാർട്ടിയുടെ മുൻ നേതാവായ റോബ് ലാൻസ് പുതിയ പ്രിമിയറായും പാർട്ടിയുടെ താൽക്കാലിക നേതാവായും ചുമതലയേൽക്കും. രാഷ്ട്രീയം വിട്ടുപോകാൻ തീരുമാനിച്ചെങ്കിലും സമീപകാല സർവേകളിൽ കിംഗ് ദ്വീപുകാരുടെ ഇടയിൽ ഏറ്റവും ജനപ്രിയ പ്രിമിയറായി തുടരുകയായിരുന്നു. സേവനം ചെയ്യാൻ ലഭിച്ച അവസരത്തിന് അദ്ദേഹം നന്ദി പ്രകടിപ്പിക്കുകയും തന്റെ മണ്ഡലവാസികൾക്കും സ്റ്റാഫിനും പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.






