ബ്രിട്ടീഷ് കൊളംബിയ: ഗിബ്സൺസിലെ ഒരു ഫുഡ് ട്രക്കിൽനിന്ന് ഭക്ഷണം കഴിച്ചവർക്ക് ഹെപ്പറ്റൈറ്റിസ് എ രോഗം പകരാൻ സാധ്യതയുണ്ടെന്ന് വാൻകൂവർ കോസ്റ്റൽ ഹെൽത്ത് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 1നും 25നും ഇടയിൽ സൺഷൈൻ കോസ്റ്റ് ഹൈവേയിലെ ‘സൺഡേ സിഡറിന്’ സമീപം പ്രവർത്തിച്ചിരുന്ന ‘സീ മങ്കി കോഫി’ ഫുഡ് ട്രക്കിൽനിന്ന് ഭക്ഷണം കഴിച്ചവർ രോഗലക്ഷണങ്ങൾ സ്വയം നിരീക്ഷിക്കണമെന്ന് ആരോഗ്യവിഭാഗം പ്രസ്താവനയിൽ അറിയിച്ചു. ഈ മുന്നറിയിപ്പ് ഫുഡ് ട്രക്കിൽ നിന്ന് ഭക്ഷണം കഴിച്ചവർക്ക് മാത്രമാണ് ബാധകമെന്നും, മറ്റ് സ്ഥാപനങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുകയോ പാനീയങ്ങൾ മാത്രം കുടിക്കുകയോ ചെയ്തവർക്ക് ഇത് ബാധകമല്ലെന്നും അധികൃതർ വ്യക്തമാക്കി.
രോഗം ബാധിക്കുന്നത് തടയാൻ വാക്സിൻ എടുക്കുന്നത് സഹായിക്കുമെന്നും, ഓഗസ്റ്റ് 14നും 25നും ഇടയിൽ ‘സീ മങ്കി കോഫി’യിൽ നിന്ന് ഭക്ഷണം കഴിച്ചവർ എത്രയും പെട്ടെന്ന് വാക്സിൻ എടുക്കണമെന്നും ആരോഗ്യവിഭാഗം നിർദേശിച്ചു. രോഗബാധയ്ക്കുള്ള സാധ്യത കുറവാണെങ്കിലും, ഫുഡ് ട്രക്കിൽ നിന്ന് ഭക്ഷണം കഴിച്ചവർ ക്ഷീണം, വിശപ്പില്ലായ്മ, ശരീരഭാരം കുറയുക, വാരിയെല്ലിന് താഴെ വേദന, പേശിവേദന, ത്വക്കിലോ കണ്ണിലോ മഞ്ഞനിറം തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.
രോഗലക്ഷണങ്ങൾ പ്രത്യക്ഷപ്പെടാൻ രണ്ടാഴ്ച മുതൽ ഏഴാഴ്ച വരെ സമയമെടുക്കാമെന്ന് ആരോഗ്യവിഭാഗം പറയുന്നു. രോഗലക്ഷണങ്ങൾ കാണുന്നവർ വൈദ്യസഹായം തേടണം. ഹെപ്പറ്റൈറ്റിസ് എ മിക്ക കേസുകളിലും സ്വയം സുഖം പ്രാപിക്കുകയും, സാധാരണയായി ദീർഘകാല കരൾ പ്രശ്നങ്ങൾക്ക് കാരണമാകാറില്ലെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.






