പൊതുസ്ഥലങ്ങളിലെ പ്രാർത്ഥനകൾക്ക് വിലക്കേർപ്പെടുത്തുന്നതിനായി ബിൽ അവതരിപ്പിക്കാൻ ക്യുബെക്ക് സർക്കാർ ഒരുങ്ങുന്നു. മതേതരത്വം കൂടുതൽ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് പുതിയ നിയമനിർമ്മാണം. “തെരുവുകളിലെ പ്രാർത്ഥനകളുടെ വ്യാപനം ഗൗരവമേറിയതും സെൻസിറ്റീവുമായ വിഷയമാണ്”, എന്ന് മതേതരത്വകാര്യ മന്ത്രി ജീൻ-ഫ്രാങ്കോയിസ് റോബർജ് വ്യക്തമാക്കി. പൊതു ഇടങ്ങളിൽ പ്രാർത്ഥിക്കുന്നത് തടയുന്നതിനുള്ള ബിൽ ഈ വർഷം ശരത്കാലത്തിൽ അവതരിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു. ക്യുബെക്കിലെ പൊതു സംസ്കാരത്തെ അംഗീകരിക്കാൻ കുടിയേറ്റക്കാരോട് ആവശ്യപ്പെടുന്ന നിയമം, സ്കൂൾ ജീവനക്കാർക്ക് മതചിഹ്നങ്ങൾ ധരിക്കുന്നതിനുള്ള വിലക്ക് ഉൾപ്പെടെയുള്ളവ കഴിഞ്ഞ മാസങ്ങളിൽ സർക്കാർ സ്വീകരിച്ചിരുന്നു.
പുതിയ ബിൽ സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സർക്കാർ പുറത്തുവിട്ടിട്ടില്ല. എങ്കിലും ഭരണഘടനാപരമായ അവകാശങ്ങൾ താൽക്കാലികമായി റദ്ദാക്കാൻ സർക്കാരിന് അധികാരം നൽകുന്ന ‘നോട്ട് വിത് സ്റ്റാൻഡിംഗ്’ ക്ലോസ് ഉപയോഗിക്കാൻ മടിക്കില്ലെന്ന് ക്യുബെക്ക് പ്രീമിയർ ഫ്രാങ്കോയിസ് ലെഗോൾട്ട് സൂചിപ്പിച്ചു. “പൊതുപാർക്കുകളിലും തെരുവുകളിലും ആളുകൾ പ്രാർത്ഥിക്കുന്നത് ക്യുബെക്കിൽ ഞങ്ങൾ ആഗ്രഹിക്കുന്നില്ല. പ്രാർത്ഥിക്കാൻ ആഗ്രഹിക്കുമ്പോൾ പള്ളിയിലോ മസ്ജിദിലോ പോകണം, അല്ലാതെ പൊതുസ്ഥലങ്ങളിൽ അല്ല. ഇതിനെ നിയമപരമായി നേരിടാൻ സാധ്യമായ മാർഗ്ഗങ്ങൾ നോക്കുമെന്നും”, അദ്ദേഹം കഴിഞ്ഞ ഡിസംബറിൽ വ്യക്തമാക്കിയിരുന്നു. മോൺട്രിയലിൽ മുസ്ലീങ്ങൾ പ്രാർത്ഥിക്കുന്നതിൻ്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. കഴിഞ്ഞ മാസം നോട്രെ ഡാം ബസിലിക്കക്ക് പുറത്ത് മുസ്ലീങ്ങൾ പ്രാർത്ഥിക്കുന്ന വീഡിയോയ്ക്ക് എക്സിൽ 85,000-ത്തിലധികം ലൈക്കുകൾ ലഭിച്ചിരുന്നു. ഇത് വലിയ ചർച്ചകൾക്ക് വഴിതെളിച്ചു. അതേസമയം, മോൺട്രിയൽ കത്തോലിക്കാ ആർച്ച് ബിഷപ്പിൻ്റെ നേതൃത്വത്തിൽ വലിയ ദുഃഖവെള്ളി പ്രദക്ഷിണം ഉൾപ്പെടെ ക്യുബെക്കിൽ മറ്റ് മതവിഭാഗങ്ങളുടെയും പൊതു പരിപാടികൾ നടക്കാറുണ്ട്.
സർക്കാരിൻ്റെ പുതിയ ബിൽ നീക്കം ഒരു ഉപദേശക സമിതിയുടെ ശുപാർശക്ക് തൊട്ടുപിന്നാലെയാണ്. ബിൽ 21 എന്ന മതേതരത്വ നിയമം വ്യാപിപ്പിക്കണമെന്നും സബ്‌സിഡിയുള്ള ഡേകെയർ ശൃംഖലയിലെ അദ്ധ്യാപകർ മതചിഹ്നങ്ങൾ ധരിക്കുന്നത് വിലക്കണമെന്നും സമിതി ശുപാർശ ചെയ്തിരുന്നു. ഗില്ലൂം റൂസ്സോയും ക്രിസ്റ്റീൻ പെൽച്ചാട്ടും അധ്യക്ഷരായ സമിതി പൊതുസ്ഥലങ്ങളിൽ പ്രാർത്ഥനകൾ നിരോധിക്കാൻ ശുപാർശ ചെയ്തിരുന്നില്ല. പകരം വ്യക്തിപരമായ കാര്യമായി കണ്ട് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് വിടണമെന്ന് നിർദ്ദേശിച്ചിരുന്നു. എങ്കിലും സമിതിയുടെ റിപ്പോർട്ട് പുതിയ ബിൽ അവതരിപ്പിക്കാനുള്ള തീരുമാനത്തിൽ പ്രധാന പങ്ക് വഹിച്ചതായി മന്ത്രി റോബർഗ് പറഞ്ഞു. അതേസമയം, സർക്കാരിൻ്റെ പുതിയ നീക്കം വിവിധ സംഘടനകളുടെ എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്. അഭിപ്രായ സർവ്വേകളിൽ ക്യുബെക്ക് സർക്കാർ താഴോട്ട് പോവുകയാണ്. അടുത്തിടെ നടന്ന ഉപതിരഞ്ഞെടുപ്പുകളിലും തുടർച്ചയായി പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിൽ ജനപിന്തുണ നേടാനുള്ള ശ്രമമായും ഈ നീക്കത്തെ വിലയിരുത്തുന്നുണ്ട്.
Religious freedom is being curbed; prayers in public places are now a thing of the past in Quebec!






