ക്യുബെക്: കനേഡിയൻ ലോട്ടറി ചരിത്രത്തിലെ ഏറ്റവും വലിയ തുകകളിലൊന്നായ 46 ദശലക്ഷം ഡോളറിന്റെ (ഏകദേശം 380 കോടിയിലധികം രൂപ) ഗോൾഡ് ബോൾ ലോട്ടോ 6/49 ജാക്ക്പോട്ട് ക്യുബെക്കിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു. ബുധനാഴ്ച നടന്ന നറുക്കെടുപ്പിലാണ് ഭാഗ്യശാലിക്ക് സമ്മാനം ലഭിച്ചത്. എന്നാൽ, വിജയിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലോട്ടോ-ക്യുബെക് പുറത്തുവിട്ടിട്ടില്ല. ബുധനാഴ്ചത്തെ നറുക്കെടുപ്പിലെ വിജയിച്ച നമ്പറുകൾ ഇവയാണ്: 5, 16, 17, 21, 41, 47, കൂടാതെ ബോണസ് നമ്പർ 6-ഉം. ഈ നറുക്കെടുപ്പിൽ എല്ലാ നമ്പറുകളും ഒത്തുവന്ന ഭാഗ്യശാലിക്കാണ് ഈ വൻ തുക ലഭിക്കുക.
കാനഡയിലെമ്പാടുമുള്ള ലോട്ടറി പ്രേമികൾ ആകാംഷയോടെ ഉറ്റുനോക്കിയ നറുക്കെടുപ്പായിരുന്നു ഇത്. ലോട്ടോ-ക്യുബെക് അറിയിച്ചതനുസരിച്ച്, അടുത്ത ലോട്ടോ 6/49 ഗോൾഡ് ബോൾ ജാക്ക്പോട്ട് ഓഗസ്റ്റ് 30-ന് നടക്കും. ഇതിലെ സമ്മാനത്തുക 10 ദശലക്ഷം ഡോളർ ആയിരിക്കും. അതോടൊപ്പം ഓരോ നറുക്കെടുപ്പിലുമുള്ള ക്ലാസിക് ജാക്ക്പോട്ട് 5 ദശലക്ഷം ഡോളറായി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
ക്യുബെക്കിൽ വിറ്റ ഒരു ടിക്കറ്റിനാണ് ഭാഗ്യം തുണച്ചത് എന്നതിനാൽ, വിജയി ആരാണെന്നറിയാനുള്ള ആകാംഷയിലാണ് ലോട്ടറി ഏജന്റുമാരും പൊതുജനങ്ങളും. ഇത്രയും വലിയ തുക ഒറ്റയടിക്ക് നേടിയ ഭാഗ്യശാലി ഉടൻ തന്നെ ലോട്ടോ-ക്യുബെക്കുമായി ബന്ധപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. കാനഡയിലെ ലോട്ടറി ചരിത്രത്തിലെ പ്രധാന വിജയികളിൽ ഒരാളായിരിക്കും ഇദ്ദേഹം.






