വൈവിധ്യമാർന്ന കലാപരിപാടികളോടെ മലയാളി അസോസിയേഷൻ ഫോർ കമ്യൂണിറ്റി സർവീസ് ബിസി (MACS BC) ഈ വർഷത്തെ മഹാ ഓണം 2025 ആഘോഷിക്കുന്നു. ഓഗസ്റ്റ് 30-ന് ശനിയാഴ്ച നോർത്ത് ഡെൽറ്റ സെക്കൻഡറി സ്‌കൂളിൽ വെച്ച് നടക്കുന്ന ഓണാഘോഷം കനേഡിയൻ മലയാളികൾക്ക് കേരളത്തിൻ്റെ തനത് ആഘോഷ നിമിഷങ്ങൾ സമ്മാനിക്കും.
രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികൾ വൈകുന്നേരം 4 മണി വരെ നീണ്ടുനിൽക്കും. ഓണസദ്യയാണ് ഈ വർഷത്തെ ആഘോഷങ്ങളുടെ പ്രധാന ആകർഷണം. കേരളത്തിൻ്റെ തനത് രുചിയിൽ തയ്യാറാക്കുന്ന വിഭവങ്ങളുണ്ടാകും. ഓണസദ്യ സ്പോൺസർ ചെയ്യുന്നത് ജോൺസൺ ആൻ്റ് ലൂസി ഗ്രൂപ്പാണ്. ചെണ്ടമേളം, ശിങ്കാരിമേളം, തിരുവാതിര എന്നിവയും പരിപാടികൾക്ക് മാറ്റുകൂട്ടും. വല്ലാഡെൻസ് അവതരിപ്പിക്കുന്ന ഡിജെ ഡ്രമ്മിംഗ് പ്രകടനം, വർണ്ണാഭമായ കലാപ്രകടനങ്ങളും സ്റ്റേജ് ഷോകളും, പരമ്പരാഗത ഓണക്കളികൾ, ഓണച്ചന്ത എന്നിവയാണ് പ്രധാന ആകർഷണം. ഓണാഘോഷങ്ങൾക്ക് നിറം പകരാൻ മാവേലി തമ്പുരാനും എത്തും.
എല്ലാത്തിനും പുറമെ വെറും 10 ഡോളറിന് ഓണസദ്യ നൽകിക്കൊണ്ട് സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന 101 വിദ്യാർത്ഥികളുടെ ഓണത്തിന് നിറം പകരുകയാണ് MACS. ആദ്യമെത്തുന്നവർക്ക് ആദ്യമെന്ന മുൻഗണനാ ക്രമത്തിലായിരിക്കും ടിക്കറ്റുകൾ ലഭ്യമാക്കുക.ഓണസദ്യ ഉൾപ്പെടെയുള്ള പരിപാടികളിൽ പങ്കെടുക്കാൻ ഒരാൾക്ക് 25 ഡോളറാണ് ടിക്കറ്റ് നിരക്ക്.






