കാനഡയിൽ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന പൗരന്മാരല്ലാത്തവരെ ഉടൻ നാടുകടത്തണമെന്ന് കോൺസർവേറ്റീവ് പാർട്ടി ഓഫ് കാനഡ നേതാവ് പിയറി പോളിവ്രെ ആവശ്യപ്പെട്ടു. ബട്ടിൽ റിവർ-ക്രോഫൂട്ട് ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച് ഹൗസ് ഓഫ് കോമൺസിലേക്ക് തിരിച്ചെത്തിയതിന് ശേഷമുള്ള ആദ്യ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ നിലപാട് വ്യക്തമാക്കിയത്. ഇമിഗ്രേഷൻ, കുറ്റകൃത്യങ്ങൾ, ദേശീയ സ്വത്വം എന്നിവയെക്കുറിച്ചുള്ള പൊതുചർച്ചകൾക്ക് അദ്ദേഹത്തിന്റെ ഈ പ്രഖ്യാപനം വീണ്ടും ഊർജ്ജം പകർന്നിട്ടുണ്ട്.
ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട പൗരന്മാരല്ലാത്തവരെ നാടുകടത്താൻ അനുമതി നൽകുന്ന ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി പ്രൊട്ടക്ഷൻ ആക്ട് (IRPA) അനുസരിച്ചാണ് പോളിവ്രെയു നയം വ്യക്തമാക്കിയത്. എന്നാൽ, നിലവിലെ നിയമത്തിലെ കാലതാമസങ്ങളും ദുർബലമായ നടപ്പാക്കലും ഫലപ്രദമായ നാടുകടത്തലിന് തടസ്സമാണെന്ന് അദ്ദേഹം വാദിക്കുന്നു.
പോളിവ്രെയുടെ പ്രഖ്യാപനം സമൂഹമാധ്യമങ്ങളിൽ വലിയ പ്രതികരണങ്ങൾക്കാണ് വഴിവെച്ചത്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ആളുകൾ ഈ നയം കാനഡക്കാരെ സംരക്ഷിക്കാൻ ആവശ്യമായ ഒന്നാണെന്നാണ് സമൂഹമാധ്യങ്ങളിൽ അഭിപ്രായപ്പെട്ടത്. “ക്രിമിനലുകൾക്ക് ഇവിടെ സ്ഥാനമില്ല” എന്ന തരത്തിലുള്ള പ്രതികരണങ്ങളും ഉണ്ടാകുന്നുണ്ട്
എന്നാൽ, പോളിസി കുടിയേറ്റക്കാരെ അന്യായമായി ലക്ഷ്യം വെക്കുന്നുവെന്നും നിയമപരമായ നടപടികൾ ദുർബലമാക്കുന്നുവെന്നും വിമർശകർ വാദിക്കുന്നു. നാഷണൽ കൗൺസിൽ ഓഫ് കനേഡിയൻ മുസ്ലിംസ് (NCCM) പോളിവ്രെയുടെ പ്രസ്താവനകളെ ട്രംപിന്റെ നയങ്ങളുമായി താരതമ്യം ചെയ്ത് വിമർശിച്ചു.
പോളിവ്രെയുടെ നാടുകടത്തൽ പദ്ധതി നിലവിലുള്ള IRPA വ്യവസ്ഥകളെ ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും, അതിന് നിയമപരമായ വെല്ലുവിളികളുണ്ട്. കാനഡ ബോർഡർ സർവീസസ് ഏജൻസിക്ക് (CBSA) നിലവിൽ 10,000-ത്തിലധികം നീക്കം ചെയ്യൽ ഉത്തരവുകൾ തീർപ്പാക്കാനുണ്ട്. നിയമവിദഗ്ധർ പറയുന്നത്, വേഗത്തിലുള്ള നാടുകടത്തൽ നിയമപരമായ നടപടിക്രമങ്ങൾ ലംഘിച്ചേക്കാം എന്നാണ്. “വിദ്വേഷ കുറ്റകൃത്യങ്ങൾ” പോലുള്ള അവ്യക്തമായ കാര്യങ്ങൾ വേഗത്തിൽ നടപ്പാക്കുന്നത് നിയമപരമായ കുഴപ്പങ്ങളുണ്ടാക്കുമെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു.
Pierre Poilievre Calls For Deportation of Criminal Non-Citizens



