അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും വിരാമമിട്ട് കാൽപ്പന്തുകളിയിലെ ഇതിഹാസം ലയണൽ മെസ്സിയും അർജന്റീന ടീമും നവംബർ 10നും 18നും ഇടയിൽ കേരളത്തിൽ എത്തുമെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ച് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (എഎഫ്എ). മെസ്സി കേരളത്തിൽ എത്തില്ല എന്ന തരത്തിൽ കഴിഞ്ഞ കുറേ മാസങ്ങളായി പ്രചരിച്ചിരുന്ന വാർത്തകൾക്ക് ഇതോടെ അറുതിയായി. ഫിഫ അനുവദിച്ച നവംബർ വിൻഡോയിൽ ലുവാൻഡ, കേരളം എന്നിവിടങ്ങളിൽ അർജന്റീന ഫുട്‌ബോൾ ടീം കളിക്കുമെന്നാണ് എഎഫ്എ അറിയിച്ചിരിക്കുന്നത്.
ഈ പ്രഖ്യാപനത്തിന് പിന്നിൽ വലിയൊരു കഥയുണ്ട്. കഴിഞ്ഞ വർഷം സെപ്റ്റംബർ 24നായിരുന്നു അർജന്റീന ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ചുകൊണ്ട് കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ പ്രഖ്യാപനം നടത്തിയത്. വൻ സാമ്പത്തിക ബാധ്യത വരുത്തുന്ന ഈ ദൗത്യം ഏറ്റെടുത്ത് കേരളത്തിലെ മുൻനിര മാധ്യമ സ്ഥാപനമായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് രംഗത്തെത്തി. ഇതിന്റെ ഭാഗമായി 2024 ഡിസംബർ 20ന് അർജന്റീന ഫുട്‌ബോൾ അസോസിയേഷനുമായി കമ്പനി കരാറിൽ ഒപ്പിട്ടു. എന്നാൽ കരാർ ഒപ്പിട്ടതിന് പിന്നാലെ തന്നെ മെസ്സി വരില്ലെന്ന തരത്തിൽ വ്യാപക പ്രചാരണങ്ങൾ ആരംഭിച്ചു. ഫിഫ പുറത്തുവിട്ട ഫുട്ബോൾ വിൻഡോ തെറ്റായി വ്യാഖ്യാനിച്ചായിരുന്നു ഈ പ്രചാരണങ്ങൾ. മെസി വരില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെന്നും നടപടികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടർ ടിവി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ ആ ഘട്ടത്തിൽ വ്യക്തമാക്കിയിരുന്നു.
തുടർന്ന് ജൂൺ ആറിന് വീണ്ടും കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ മെസ്സി വരുമെന്ന് ഫേസ്ബുക്കിലൂടെ പ്രതികരിച്ചെങ്കിലും ചില മാധ്യമങ്ങൾ വീണ്ടും മെസ്സി വരില്ലെന്ന പ്രചാരണം തുടർന്നു. നല്ലൊരു സ്റ്റേഡിയം ഇല്ലാത്ത കേരളത്തിൽ മെസ്സി എങ്ങനെ കളിക്കുമെന്നായിരുന്നു ചില വിദഗ്ദ്ധരുടെ ചോദ്യം. മെസ്സി വരുമെന്ന് സർക്കാരും സ്പോൺസർമാരും ചേർന്ന് കളവ് പ്രചരിപ്പിക്കുകയാണെന്ന നിലയിലും വാർത്തകൾ വന്നു. ഇതിനോട് പ്രതികരിച്ചുകൊണ്ട് റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിംഗ് കമ്പനി മാനേജിംഗ് ഡയറക്ടർ ആന്റോ അഗസ്റ്റിൻ വീണ്ടും രംഗത്തെത്തി. തങ്ങൾ എടുത്ത ഇനിഷ്യേറ്റീവിനെ ബഹുമാനിക്കണമെന്നും മെസ്സി വരില്ലെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഈ വിവാദങ്ങൾക്കും ആശങ്കകൾക്കുമെല്ലാം മറുപടിയെന്നോണം ഇപ്പോൾ അർജന്റീന ഫുട്ബോൾ അസോസിയേഷൻ തന്നെ ഔദ്യോഗിക പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ്. നവംബർ 10നും 18നും ഇടയിൽ ലയണൽ മെസ്സിയും സംഘവും കൊച്ചിയിൽ എത്തുമെന്ന പ്രഖ്യാപനം കേരളത്തിലെ ഫുട്ബോൾ ആരാധകർക്ക് വലിയ ആവേശമാണ് പകരുന്നത്. വലിയ പരിശ്രമങ്ങൾക്ക് ശേഷം യാഥാർത്ഥ്യമാകുന്ന ഈ സ്വപ്നം കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിലെ ഒരു സുപ്രധാന നിമിഷമായി മാറും.





