അയർലൻഡിനെ ‘ഭൂമിയിലെ സ്വർഗ്ഗം’ എന്ന് വിശേഷിപ്പിക്കുന്ന തെന്നിന്ത്യൻ നടൻ സ്വരൂപ്, കഴിഞ്ഞ 20 വർഷമായി കുടുംബത്തോടൊപ്പം അവിടെയാണ് താമസം. എന്നാൽ, അടുത്തിടെ നടന്ന വംശീയാധിക്ഷേപ വാർത്തകൾ തന്നെ ഞെട്ടിച്ചുവെന്ന് അദ്ദേഹം പറയുന്നു. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പങ്കുവെച്ചത്. ഇന്നുവരെ ഒരു ഇന്ത്യക്കാരനും ഐറിഷ് ജനതയിൽ നിന്ന് ശാരീരികാക്രമണം നേരിട്ടതായി കേട്ടിട്ടില്ലെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു.
ഐറിഷ് ജനതയുടെ മാന്യതയെക്കുറിച്ചും, സൗഹൃദത്തെക്കുറിച്ചും സ്വരൂപിന് നൂറ് നാവാണ്. “ഞങ്ങൾ ഇവിടെ വന്നപ്പോൾ വളരെ കുറച്ച് ഇന്ത്യക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ആരും ഞങ്ങളെ മാറ്റിനിർത്തിയിട്ടില്ല, ചേർത്തുപിടിക്കുകയാണ് ചെയ്തത്,” അദ്ദേഹം പറയുന്നു. തൻ്റെ ഐറിഷ് സുഹൃത്തുക്കൾക്ക് കേരള ഭക്ഷണം വിളമ്പിയതും, അവർ അത് സന്തോഷത്തോടെ കഴിച്ചതും അദ്ദേഹം ഓർമ്മിക്കുന്നു. ജോലിയുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ പ്രതിസന്ധിയിൽ ഒരു ഐറിഷ് സുഹൃത്ത് സഹായിച്ചതും, ഒരു ഐറിഷ് സംവിധായകൻ തനിക്ക് അഭിനയരംഗത്ത് അവസരം നൽകിയതും അദ്ദേഹം നന്ദിയോടെ ഓർക്കുന്നു.
‘ഇന്ത്യയെപ്പോലെത്തന്നെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയ രാജ്യമായതുകൊണ്ട് ഇന്ത്യക്കാരോട് അവർക്ക് പ്രത്യേക അടുപ്പമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. കുറഞ്ഞ ജനസാന്ദ്രത, ഉയർന്ന ശമ്പളം, ധാരാളം അവധി ദിവസങ്ങൾ, വന്യമൃഗങ്ങളോ പ്രകൃതിദുരന്തങ്ങളോ ഇല്ലാത്ത ശാന്തമായ കാലാവസ്ഥ തുടങ്ങിയവയാണ് അയർലൻഡിനെ തനിക്ക് പ്രിയപ്പെട്ടതാക്കുന്നത്‘ അദ്ദേഹം കൂട്ടിച്ചേർത്തു.
എന്നാൽ, കോവിഡിന് ശേഷം അയർലൻഡിലെത്തിയ പുതിയ തലമുറയെക്കുറിച്ച് ആശങ്കകളുണ്ട്. കേരളത്തിലെ കലാലയങ്ങളിൽ പെരുമാറിയതുപോലെ ഇവിടെയും പലരും പെരുമാറുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. “നമ്മൾ മറ്റൊരു രാജ്യത്താണ്, അവിടുത്തെ ജീവിതരീതിയുമായി പൊരുത്തപ്പെടാൻ നമ്മൾ പഠിക്കണം,” അദ്ദേഹം പറയുന്നു.
രാത്രികാലങ്ങളിൽ അലഞ്ഞുതിരിയുന്ന ഈ കുട്ടികൾ കാരണം നിരപരാധികളാണ് ആക്രമിക്കപ്പെടുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കടം വാങ്ങിയും വീട് പണയപ്പെടുത്തിയും രക്ഷിതാക്കൾ അവരെ അയർലൻഡിലേക്ക് പഠനത്തിനയക്കുമ്പോൾ, അവർ അതൊന്നും മനസ്സിലാക്കുന്നില്ലെന്നും അദ്ദേഹം വേദനയോടെ പറഞ്ഞു.
എല്ലാ സമൂഹത്തിലുമുള്ളതുപോലെ നല്ലവരും ചീത്തയായ ആളുകളും ഇവിടെയുമുണ്ട്. ആക്രമണത്തിന് പിന്നിൽ കൂടുതലും കൗമാരക്കാരാണെന്നും, അവർക്ക് നല്ല ബുദ്ധി തോന്നാൻ പ്രാർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഒപ്പം, ആക്രമണത്തിന് ഇരയായ നിരപരാധികൾക്ക് പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.



