ബ്രാംപ്ടണിൽ പ്രൊഫസസേർസ് ലേക്കിൽ ‘ആർപ്പോ ഇർറോ’ ആരവങ്ങൾ ഉയരാൻ ഇനി മണിക്കൂറുകൾ മാത്രം. 15-ാമത് ബ്രംപ്ടൺ നെഹറു ട്രോഫി വള്ളംകളിക്ക് ഓഗസ്റ്റ് 16-ന് രാവിലെ 10 മണി മുതൽ ആരംഭമാവുകയാണ്. കഴിഞ്ഞ വർഷങ്ങളിൽ കാനഡയിലെ ടീമുകൾ മാത്രമാണ് മത്സരിച്ചിരുന്നതെങ്കിൽ ഇത്തവണ കപ്പടിക്കാൻ നേപ്പാൾ, ഹരിയാന, ഫിലിപ്പീൻസ്,ഫിജി തുടങ്ങിയ ടീമുകളും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. കഴിഞ്ഞ വർഷം 27 ടീമുകളാണ് മത്സരിച്ചിരുന്നത്. ഇത്തവണയും 20-ൽ അധികം ടീമുകൾ ഓളപ്പരപ്പിൽ ആവേശം തീർക്കുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ.ഒപ്പം മത്സരം ആവേശമാക്കാൻ ബ്രാംപ്ടൺ ഫയർ ഫോഴ്സ് ടീം, (കയാക്കേഴ്‌സ്), റീജിയണൽ പോലീസ് ടീം, ബ്രാംപ്ടൺ മേയറുടെ ടീമും അണിനിരക്കും.
വള്ളംകളിയോടനുബന്ധിച്ച് നടക്കുന്ന ‘കമ്മ്യൂണിറ്റി പരേഡ് ഇൻ ബോട്ട്‌സിൽ’ ബ്രാംപ്ടൺ മേയറും പങ്കെടുക്കും. കേളരത്തനിമ വിളിച്ചോതുന്ന കാർണിവൽ, തിരുവാതിര, ചെണ്ടമേളം എന്നിവയോടുകൂടി പരിപാടിക്ക് മാറ്റുകൂട്ടും. കഴിഞ്ഞ വർഷങ്ങളിൽ 4000-ൽ അധികം ആളുകളാണ് പങ്കെടുത്തത്. ഇത്തവണയും വലിയ ജനപങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നത്. ബ്രാംപ്ടണിലെ റിയൽറ്ററും റേസ് കമ്മിറ്റിയുടെ വൈസ് പ്രസിഡന്റുമായ അരുൺകുമാർ ശിവരാമനാണ് ഇത്തവണത്തെ പരിപാടിയുടെ മെഗാ സ്പോൺസർ.

കാനഡയിലെ മലയാളി സമൂഹത്തിന്റെ ഒരു പരിപാടി എന്നതിനപ്പുറം, കായികഭാവനയുടെയും കേരള സംസ്കാരത്തിന്റെയും പൈതൃകത്തിന്റെയും ആഗോള ആഘോഷമായി മാറുകയാണ് ഈ വള്ളംകളി. ഇതിനെല്ലാം പിന്നിൽ ഒരു മലയാളി കൂടിയായ കുര്യൻ പ്രക്കാനമാണ്. കാനഡയിലെ ഒന്റാറിയോ പ്രവിശ്യയുടെ ബ്രാംപ്ടൺ നഗരത്തിലെ ബിസിനസ് അംബാസഡർ കൂടിയായ ഇദ്ദേഹം കഴിഞ്ഞ 14 വർഷമായി കേരളത്തിലെ പ്രശസ്തമായ നെഹ്‌റു ട്രോഫിയുടെ മാതൃകയിൽ ‘ബ്രാംപ്ടൺ ബോട്ട് റേസ്’ സംഘടിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു.

പത്തനംതിട്ട സ്വദേശിയായ നൂറാണിക്കുഴിയിൽ കുര്യൻ ബേബി എന്ന കുര്യൻ പ്രക്കാനം 1993ലാണ് കാനഡയിലേക്ക് കുടിയേറിയത്. പിന്നീട് മലയാളി സമൂഹത്തിന്റെ സാംസ്കാരിക, വിദ്യാഭ്യാസ, സാമൂഹിക പ്രവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ബ്രാംപ്ടൺ മലയാളി സമാജത്തിന്റെ പ്രസിഡന്റായി. 2009-ലെ ഓണക്കാലത്താണ് തന്റെ ജന്മനാട്ടിലെ ഈ ഊർജ്ജസ്വലമായ കായിക വിനോദം തന്റെ രണ്ടാമത്തെ വീടായ കാനഡയിലേക്ക് കൊണ്ടുവരാൻ അദ്ദേഹം തീരുമാനിക്കുന്നത്. കാനഡയിൽ വള്ളംകളിക്ക് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

കേരളത്തിലെ പരമ്പരാഗത ചുണ്ടൻ വള്ളങ്ങൾ കാനഡയിൽ ലഭ്യമാക്കാൻ ബുദ്ധിമുട്ടായതിനാൽ, സംഘാടകർ നയാഗ്ര വെള്ളച്ചാട്ടത്തിലെ ടൂറിസ്റ്റ് കേന്ദ്രത്തിൽ നിന്ന് വാടകയ്ക്കെടുക്കുന്ന ചൈനീസ് ഡ്രാഗൺ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ആദ്യകാലങ്ങളിൽ ഇത്തരം ഒരു പരിപാടിക്ക് അനുമതി നേടുന്നത് ശ്രമകരമായിരുന്നു. അന്ന് വെറും നാല് വള്ളങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. കാനഡയിലെ പ്രമുഖ മലയാളി റിയൽ എസ്റ്റേറ്റ് വ്യവസായിയായ മനോജ് കറാത്തയാണ് കഴിഞ്ഞ 14 വർഷമായി വള്ളംകളിയുടെ മെഗാ സ്പോൺസറായിരുന്നത്.

കഴിഞ്ഞ വർഷങ്ങളിൽ ഇന്ത്യൻ കൗൺസിലർ ജനറൽ, ബ്രാംപ്ടൺ എംപിമാർ, പ്രീമിയർമാർ, പിയറി പോയിൽവ്രെ എന്നിവർ പരിപാടിയിൽ പങ്കെടുത്തിരുന്നു. പ്രമുഖ വ്യവസായി എം.എ. യൂസഫലിയും ഒരിക്കൽ യുഎഇയിൽ നിന്ന് പരിപാടി ഫ്ലാഗ് ഓഫ് ചെയ്തിട്ടുണ്ട്.

കുര്യൻ പ്രക്കാനം എന്ന വ്യക്തിയുടെ നേതൃത്വത്തിൽ ആരംഭിച്ച ഈ ഉദ്യമം, ഇന്ന് അന്താരാഷ്ട്ര ശ്രദ്ധ നേടുന്ന ഒരു വാർഷിക പരിപാടിയായി വളർന്നത് മലയാളി സമൂഹത്തിൻ്റെ കൂട്ടായ പരിശ്രമത്തിൻ്റെ ഫലമാണ്. ഈ വള്ളംകളി, കേരളത്തിൻ്റെ പൈതൃകം വിദേശ മണ്ണിൽ സംരക്ഷിക്കപ്പെടുകയും പുതിയ തലമുറയിലേക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്യുന്നതിൻ്റെ ഉജ്ജ്വലമായ അടയാളമാണ്.








