കൃഷിമേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) ഉപയോഗിച്ച് പ്രവർത്തിക്കുന്ന റോബോട്ടുകൾ വികസിപ്പിച്ച് കനേഡിയൻ കമ്പനി. കൂൺ പറിക്കുന്നതിനും പാക്ക് ചെയ്യുന്നതിനും വേണ്ടിയാണ് ഈ റോബോട്ടുകൾ ഉപയോഗിക്കുന്നത്. കാനഡയിലെ സാൽമൺ ആസ്ഥാനമായുള്ള 4AG റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പ് കമ്പനിക്കാണ് ഈ കണ്ടുപിടുത്തം. 40 ദശലക്ഷം ഡോളർ നിക്ഷേപം ലഭിച്ചതോടെ അടുത്ത വർഷത്തോടെ റോബോട്ടുകളുടെ എണ്ണം വർദ്ധിപ്പിക്കാനാണ് കമ്പനിയുടെ തീരുമാനം.
നിലവിൽ, കാനഡ, യുഎസ്, അയർലൻഡ്, നെതർലാൻഡ്സ്, ഓസ്ട്രേലിയ എന്നിവിടങ്ങളിൽ 16 റോബോട്ടുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്. ഈ റോബോട്ടുകൾക്ക് വിശ്രമം ആവശ്യമില്ലാത്തതിനാൽ ഉത്പാദനം കൂട്ടാൻ സഹായിക്കുമെന്നും കമ്പനി പറയുന്നു. തൊഴിലാളികളെ ലഭിക്കാനുള്ള ബുദ്ധിമുട്ടാണ് ഈ കണ്ടുപിടുത്തത്തിന് പ്രചോദനമായതെന്ന് 4AG റോബോട്ടിക്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ക്രിസ് പെയ്ൻ പറഞ്ഞു. 2030-ഓടെ കൂൺ വിപണി 70 ബില്യൺ ഡോളർ കടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ അതിനനുസരിച്ച് തൊഴിലാളികളെ കണ്ടെത്താൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോബോട്ടുകൾ വന്നതുകൊണ്ട് ജോലി നഷ്ടപ്പെടുമെന്ന ഭയം വേണ്ടെന്നും പുതിയ റോബോട്ടുകൾ നിർമ്മിക്കുന്നതിനും, പരിപാലിക്കുന്നതിനും കൂടുതൽ ആളുകളെ ആവശ്യമുണ്ടെന്നും കമ്പനി അധികൃതർ പറയുന്നു. കാർഷിക മേഖലയിൽ AI-യുടെ ഉപയോഗം വിപുലമായിക്കൊണ്ടിരിക്കുകയാണെന്ന് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ പ്രൊഫസർ സീൻ സ്മുക്ലർ അഭിപ്രായപ്പെട്ടു. വളം, കീടനാശിനികൾ എന്നിവ കൃത്യമായ അളവിൽ ഉപയോഗിക്കാനും വിളവെടുപ്പ് വേഗത്തിലാക്കാനും AI സാങ്കേതികവിദ്യ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനവും, ഉയർന്ന ഭക്ഷണച്ചെലവും, തൊഴിലാളി ക്ഷാമവും ഇത്തരം കണ്ടുപിടുത്തങ്ങൾക്ക് കാരണമാകുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Robots to address farm labor shortage; $40 million aid for mushroom picking machines



