മനുഷ്യന്റെ ഡി.എൻ.എ.യുടെ എട്ട് ശതമാനത്തോളം വരുന്ന ഭാഗം പുരാതന വൈറസുകളുടെ അവശേഷിപ്പുകളാണെന്ന് പുതിയ പഠനം. മനുഷ്യ ജനിതക ഘടനയിൽ നിർണ്ണായകമായ പല ധർമ്മങ്ങളും നിർവ്വഹിക്കുന്ന ട്രാൻസ്പോസബിൾ എലമെന്റുകൾ എന്നറിയപ്പെടുന്ന ഈ ‘ജമ്പിംഗ് ജീനുകൾ’ (jumping genes) മനുഷ്യന്റെ ആദ്യകാല വികാസത്തിൽ പ്രധാന പങ്ക് വഹിക്കുന്നതായാണ് കണ്ടെത്തൽ. ഒരു സമയത്ത് ഉപയോഗശൂന്യമെന്ന് കരുതപ്പെട്ടിരുന്ന ഈ ജീനുകൾക്ക് ജീനുകളെ പ്രവർത്തിപ്പിക്കാനും നിർജ്ജീവമാക്കാനും കഴിവുണ്ടെന്നും, ഇത് മനുഷ്യന്റെ പരിണാമത്തിൽ പ്രധാനപ്പെട്ട കണ്ണിയായിരിക്കാമെന്നും പഠനം പറയുന്നു. ജപ്പാനിലെ ക്യോട്ടോ സർവകലാശാലയിലെ ഗവേഷകരും അന്താരാഷ്ട്ര ഗവേഷക സംഘവും സംയുക്തമായി നടത്തിയ ഈ പഠനത്തിന്റെ വിശദാംശങ്ങൾ ‘സയൻസ് അഡ്വാൻസസ്’ എന്ന ജേണലിൽ പ്രസിദ്ധീകരിച്ചു.
പുരാതന കാലത്ത് നമ്മുടെ പൂർവ്വികരെ ബാധിച്ച വൈറസുകളുടെ ജനിതക വിവരങ്ങൾ പിന്നീട് മനുഷ്യന്റെ ക്രോമസോമുകളുടെ ഭാഗമായി മാറിയതാണ് ട്രാൻസ്പോസബിൾ എലമെന്റുകൾ. ഈ വൈറസുകളിൽ ഭൂരിഭാഗവും ഇപ്പോൾ നിഷ്ക്രിയമാണെങ്കിലും, ചിലത് വിവിധ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി സമീപകാല പഠനങ്ങൾ സൂചിപ്പിക്കുന്നു. ഈ കണ്ടെത്തലുകൾ ട്രാൻസ്പോസബിൾ എലമെന്റുകളെക്കുറിച്ചുള്ള പഠനത്തിന് പുതിയ വഴിത്തിരിവാണ് നൽകിയിരിക്കുന്നത്. മനുഷ്യനെ മനുഷ്യനാക്കുന്നത് എന്താണെന്ന് മനസ്സിലാക്കുന്നതിനും, അതുപോലെ ജനിതക രോഗങ്ങളെക്കുറിച്ചും ജീൻ തെറാപ്പിയെക്കുറിച്ചും കൂടുതൽ വിവരങ്ങൾ അറിയുന്നതിനും ഈ പഠനം സഹായിക്കുമെന്ന് ഗവേഷകർ പ്രതീക്ഷിക്കുന്നു.
പുതിയ പഠനത്തിൽ, ഗവേഷകർ MER11 എന്നറിയപ്പെടുന്ന ഒരു തരം ട്രാൻസ്പോസബിൾ എലമെന്റിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. അവർ പുതിയ വർഗ്ഗീകരണ സംവിധാനം ഉപയോഗിച്ച് നാല് പുതിയ ഉപവിഭാഗങ്ങളെ കണ്ടെത്തി. ഇതിൽ MER11_G4 എന്നറിയപ്പെടുന്ന ഉപവിഭാഗത്തിന് മനുഷ്യന്റെ സ്റ്റെം സെല്ലുകളിലും നാഡീകോശങ്ങളിലും ജീൻ എക്സ്പ്രഷൻ സജീവമാക്കാനുള്ള ശക്തമായ കഴിവുണ്ടെന്ന് കണ്ടെത്തി. ഇത് മനുഷ്യന്റെ ആദ്യകാല വികാസത്തിൽ ഇതിന് പ്രധാന പങ്കുണ്ടെന്ന് സൂചിപ്പിക്കുന്നു. കൂടാതെ, മനുഷ്യൻ, ചിമ്പാൻസി, മക്കാക്ക് തുടങ്ങിയ ജീവികളിൽ ഈ ഉപവിഭാഗം വ്യത്യസ്തമായ രീതിയിൽ പരിണമിച്ചതായും ഗവേഷകർ കണ്ടെത്തി. ഇതാണ് മനുഷ്യന്റെ പരിണാമത്തെ മനസ്സിലാക്കുന്നതിലെ ഒരു പുതിയ കണ്ടെത്തലായി കണക്കാക്കുന്നത്.
കൂടുതൽ പഠനങ്ങളിലൂടെ ഈ പുരാതന വൈറസ് ഡി.എൻ.എ. എങ്ങനെയാണ് മനുഷ്യപരിണാമത്തെ സ്വാധീനിച്ചതെന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ. ഒരു കാലത്ത് ‘കഴിവുകെട്ട’ ഡി.എൻ.എ. എന്ന് വിളിക്കപ്പെട്ടിരുന്ന ഈ ജനിതക ഘടകങ്ങൾ മനുഷ്യശരീരത്തിൽ ചെയ്യുന്ന ധർമ്മങ്ങൾ വളരെ വലുതാണെന്നും, ഇവയെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവ് ഭാവിയിൽ പുതിയ ചികിത്സാരീതികൾക്ക് വഴിതുറക്കുമെന്നും ഗവേഷകർ പറയുന്നു. ഗ്രീൻലാൻഡ് സ്രാവിന്റെ ഡി.എൻ.എ.യിലെ എഴുപത് ശതമാനത്തോളം ട്രാൻസ്പോസബിൾ എലമെന്റുകളാണ്. സ്രാവിന്റെ ജനിതക ഘടന മനുഷ്യനിൽ നിന്നും വ്യത്യസ്തമാണെങ്കിലും, ട്രാൻസ്പോസബിൾ എലമെന്റുകൾക്ക് ജീൻ റെഗുലേഷനിലുള്ള പ്രാധാന്യം ഈ പഠനം ഒന്നുകൂടി വ്യക്തമാക്കുന്നു.
Genes once thought to be useless; Study finds they played a crucial role in human evolution



