കാനഡയിൽ വിമാനാപകടത്തിൽ മരിച്ച മലയാളി പൈലറ്റ് ഗൗതം സന്തോഷിന്റെ (27) മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കും. പൂജപ്പുര ചട്ടമ്പിസ്വാമി റോഡിലെ ‘ശ്രീശൈലം’ വീട്ടിലേക്ക് തിങ്കളാഴ്ച പുലർച്ചെ 2.45-ന് മൃതദേഹം എത്തിക്കും. ഉച്ചയ്ക്ക് ശേഷം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആദ്യം കാനഡയിലെ എംബസി അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. കാനഡയിൽ സംസ്കരിക്കണമെന്നായിരുന്നു അവരുടെ നിലപാട്. മൃതദേഹം എംബാം ചെയ്യുന്നതും കാനഡയിൽ നിന്ന് തിരുവനന്തപുരത്തേക്ക് എത്തിക്കുന്നതും പ്രായോഗികമല്ലെന്ന നിലപാടായിരുന്നു കാനഡയിലെ എംബസി അധികൃതർക്ക്. എന്നാൽ, കുടുംബാംഗങ്ങളുടെ ശക്തമായ ഇടപെടലിനെ തുടർന്ന് മൃതദേഹം നാട്ടിലെത്തിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഈ മാസം 26 ന് ന്യൂഫൗണ്ട്‌ലൻഡിലെ ഡീർ തടാകത്തിന് സമീപം നടന്ന വിമാനാപകടത്തിലാണ് തിരുവനന്തപുരം സ്വദേശിയായ ഗൗതം സന്തോഷ് മരിക്കുന്നത്. ഒരേസമയം എട്ട് യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന ‘പൈപ്പർ നവാജോ ട്വിൻ എൻജിൻ വിമാന’ത്തിൽ ഗൗതം ഉൾപ്പെടെ രണ്ട് പേർ ഉണ്ടായിരുന്നതായി റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് (ആർസിഎംപി) നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു.
ബ്രിട്ടിഷ് കൊളംബിയ ആസ്ഥാനമായുള്ള ഡെൽറ്റ, കിസിക് ഏരിയൽ സർവേ ഇൻകോർപ്പറേറ്റഡിലാണ് ഗൗതം സന്തോഷ് ജോലി ചെയ്തിരുന്നത്. വിമാനയാത്രയോടുള്ള ഇഷ്ടം കാരണം, മെക്കാനിക്കൽ എൻജിനീയറിങ് പഠനം പാതിവഴിയിൽ ഉപേക്ഷിച്ചാണ് ഗൗതം ചൈംസ് ഏവിയേഷൻ അക്കാദമിയിൽ ചേരുന്നത്. പരിശീലനത്തിന് ശേഷം ജെറ്റ് എയർവേസിൽ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും 2019-ൽ ജെറ്റ് എയർവേസ് പ്രവർത്തനം നിർത്തിയതിനെ തുടർന്ന് കാനഡയിൽ എത്തുകയായിരുന്നു.
The body of Gautham Santhosh, a Malayali pilot who died in a plane crash in Canada, will arrive in Thiruvananthapuram on Monday.



