ഈസ്റ്റേൺ ഒന്റാറിയോയിൽ മറ്റൊരു ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (Environment Canada) മുന്നറിയിപ്പ് നൽകി. ശനിയാഴ്ച മുതൽ, പകൽ താപനില 30°C-നും 33°C-നും ഇടയിലായിരിക്കുമെന്നും, അന്തരീക്ഷത്തിലെ ഈർപ്പം കാരണം “ഫീൽസ് ലൈക്ക്” താപനില 40°C വരെ എത്താൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
ഈ ചൂട് രാത്രിയിലും തുടരുമെന്നും, താപനില 19°C-നും 23°C-നും ഇടയിലായിരിക്കുമെന്നും അധികൃതർ അറിയിച്ചു. അടുത്ത ആഴ്ച പകുതിയോടെ മാത്രമെ ചൂട് കുറയാൻ സാധ്യതയുള്ളൂ. ഈ വർഷം നാലാമത്തെ തവണയാണ് ഒട്ടാവയിൽ ഉഷ്ണതരംഗത്തിന് മുന്നറിയിപ്പ് നൽകുന്നത്. രണ്ടാഴ്ച മുൻപും ഒട്ടാവ-ഗറ്റിനോ മേഖലയിൽ സമാനമായ രീതിയിൽ ഉയർന്ന താപനില രേഖപ്പെടുത്തിയിരുന്നു.
ഈ സാഹചര്യം ആരോഗ്യപരമായ വെല്ലുവിളികൾ ഉണ്ടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. ചുവന്നു തടിച്ച ചർമ്മം, തലകറക്കം, ഓക്കാനം, ആശയക്കുഴപ്പം, ബോധക്ഷയം തുടങ്ങിയ ലക്ഷണങ്ങൾ കാണുകയാണെങ്കിൽ വൈദ്യസഹായം തേടണം. കൂടുതൽ വെള്ളം കുടിക്കുക, കഠിനമായ വ്യായാമങ്ങൾ ഒഴിവാക്കുക, എയർ കണ്ടീഷൻ ചെയ്ത മുറികളിൽ വിശ്രമിക്കുക തുടങ്ങിയ മുൻകരുതലുകൾ എടുക്കാനും അധികൃതർ നിർദ്ദേശിച്ചു. ഏത് പ്രായത്തിലുള്ള ആളുകൾക്കും ഈ ഉയർന്ന താപനില കാരണം ആരോഗ്യപ്രശ്നങ്ങളുണ്ടാവാം. അതിനാൽ, ഈ ദിവസങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് അധികൃതർ ഓർമ്മിപ്പിച്ചു.
Environment Canada warns of severe heat wave in Eastern Ontario



