വടക്കുപടിഞ്ഞാറൻ ഒന്റാറിയോയിലെ ഡ്രൈഡൻ, വെർമിലിയൻ ബേ പ്രദേശങ്ങളിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയോൺമെന്റ് കാനഡ.രാവിലെ 09:14-ന് പ്രസിദ്ധീകരിച്ച മുന്നറിയിപ്പ് പ്രകാരം ശക്തമായ ഇടിമിന്നലിനൊപ്പം ചുഴലിക്കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അറിയിച്ചു. മണിക്കൂറിൽ 90 കിലോമീറ്റർ വേഗതയിൽ കാറ്റടിക്കാനും 50 മില്ലിമീറ്റർ വരെ മഴ പെയ്യാനും സാധ്യതയുണ്ട്.
ലോസ്റ്റ് ലേക്ക്, ഈഗിൾ ലേക്ക്, ലോവർ മാനിറ്റൗ ലേക്ക്, അപ്പർ മാനിറ്റൗ ലേക്ക്, ഗോൾഡ് റോക്ക് തുടങ്ങിയ പ്രദേശങ്ങളെയും ഇത് ബാധിച്ചേക്കാം. അപകടകരവും ജീവൻ അപഹരിക്കാൻ സാധ്യതയുള്ളതുമായ സാഹചര്യമാണ് നിലവിലുള്ളതെന്നും, ഭീഷണി നേരിടുന്ന പക്ഷം ഉടൻ തന്നെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
മുന്നറിയിപ്പ് നിലനിൽക്കുന്ന പ്രദേശങ്ങളിലുള്ളവർ വീടിന്റെ ഏറ്റവും സുരക്ഷിതമായ ഭാഗങ്ങളിൽ അഭയം തേടണമെന്ന് അധികൃതർ നിർദ്ദേശിച്ചു. ഭിത്തികളിൽ നിന്നും ജനലുകളിൽ നിന്നും അകന്ന് ബേസ്മെൻ്റുകൾ, സ്റ്റെയർവെൽ, ബാത്ത്റൂമുകൾ അല്ലെങ്കിൽ ഉൾഭാഗത്തുള്ള ക്ലോസറ്റുകൾ എന്നിവ തിരഞ്ഞെടുക്കാവുന്നതാണ്. മൊബൈൽ ഹോമുകളിലോ, ടെൻ്റുകളിലോ, വാഹനങ്ങളിലോ ഉള്ളവർ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. പുറത്തുള്ളവർ തല സംരക്ഷിച്ച് താഴ്ന്ന പ്രദേശങ്ങളിൽ നിലത്ത് കിടക്കണം.
ഔദ്യോഗിക കാലാവസ്ഥാ മുന്നറിയിപ്പുകൾ ശ്രദ്ധിക്കണമെന്നും, കാലാവസ്ഥാ മാറ്റങ്ങൾക്കനുസരിച്ച് വേഗത്തിലും ശ്രദ്ധയോടെയും പ്രതികരിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. കനത്ത കാലാവസ്ഥയെക്കുറിച്ചുള്ള വിവരങ്ങൾ ONstorm@ec.gc.ca എന്ന ഇമെയിൽ വിലാസത്തിൽ അറിയിക്കാവുന്നതാണ്.






