ലോകമെമ്പാടുമുള്ള ഉപഭോക്താക്കളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന തട്ടിപ്പ് സംഘങ്ങളുമായി ബന്ധമുള്ള 68 ലക്ഷം വാട്സാപ്പ് അക്കൗണ്ടുകൾ നീക്കം ചെയ്തതായി മെറ്റ അറിയിച്ചു. ഈ വർഷം ആദ്യത്തെ ആറു മാസത്തിനിടെയാണ് ഇത്രയധികം അക്കൗണ്ടുകൾക്കെതിരെ നടപടിയെടുത്തത്. ഓൺലൈൻ തട്ടിപ്പുകൾ തടയുന്നതിനുള്ള മെറ്റയുടെ വലിയ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. അതോടൊപ്പം, ഉപയോക്താക്കൾക്ക് തട്ടിപ്പുകൾ തിരിച്ചറിയാൻ സഹായിക്കുന്ന പുതിയ ടൂളുകളും വാട്സാപ്പ് അവതരിപ്പിക്കുന്നുണ്ട്. നിങ്ങളുടെ കോൺടാക്റ്റിൽ ഇല്ലാത്ത ഒരാൾ ഗ്രൂപ്പിലേക്ക് ചേർക്കുമ്പോൾ പുതിയൊരു സേഫ്റ്റി ഓവർവ്യൂ കാണിക്കുക, മറുപടി നൽകുന്നതിന് മുൻപ് മുന്നറിയിപ്പ് നൽകുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇന്നത്തെ ഡിജിറ്റൽ ലോകത്ത് ഓൺലൈൻ തട്ടിപ്പുകൾ വളരെ സാധാരണവും കൂടുതൽ സങ്കീർണ്ണവുമാണ്. വിശ്വസിക്കാൻ കഴിയാത്ത തരത്തിലുള്ള ഓഫറുകളും, അനാവശ്യ സന്ദേശങ്ങളും ഓരോ ദിവസവും നമ്മുടെ ഫോണുകളിലും സോഷ്യൽ മീഡിയകളിലും എത്തുന്നു. ഉപഭോക്താക്കളുടെ വിവരങ്ങളോ പണമോ തട്ടിയെടുക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം സന്ദേശങ്ങൾ. ഇതിൽ മിക്കതും സംഘടിത കുറ്റകൃത്യങ്ങളുടെ ഭാഗമായുള്ള തട്ടിപ്പ് കേന്ദ്രങ്ങളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. ഇത്തരം കേന്ദ്രങ്ങൾ പലപ്പോഴും ഒരേ സമയം നിരവധി പ്ലാറ്റ്‌ഫോമുകളിലൂടെയാണ് തട്ടിപ്പുകൾ നടത്തുന്നത്. അതിനാൽ, ഇത് കണ്ടെത്താൻ പ്രയാസമാണ്.
ഒരു തട്ടിപ്പ് സന്ദേശം ആദ്യം സാധാരണ ടെക്സ്റ്റ് മെസ്സേജുകളിലൂടെയോ ഡേറ്റിംഗ് ആപ്പുകളിലൂടെയോ ആകാം ആരംഭിക്കുന്നത്, പിന്നീട് അത് സോഷ്യൽ മീഡിയയിലേക്കും പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലേക്കും നീങ്ങാൻ സാധ്യതയുണ്ടെന്ന് കാലിഫോർണിയ ആസ്ഥാനമായുള്ള മെറ്റ വിശദീകരിക്കുന്നു. മെറ്റയുടെ സ്വന്തം ആപ്പുകളായ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയെ കൂടാതെ, ടിക് ടോക്, ടെലിഗ്രാം, കൂടാതെ ചാറ്റ്ജിപിടി പോലുള്ള എഐ ഉപയോഗിച്ച് ഉണ്ടാക്കിയ സന്ദേശങ്ങൾ വഴിയും തട്ടിപ്പുകൾ നടക്കുന്നുണ്ട്. വ്യാജ ലൈക്കുകൾക്ക് പണം നൽകുക, പിരമിഡ് സ്കീമുകളിൽ ആളുകളെ ചേർക്കുക, ക്രിപ്‌റ്റോകറൻസി നിക്ഷേപങ്ങളിലേക്ക് ആളുകളെ ആകർഷിക്കുക എന്നിവയെല്ലാം ഈ തട്ടിപ്പുകളുടെ ഭാഗമാണ്. കംബോഡിയയിലെ ഒരു തട്ടിപ്പ് കേന്ദ്രവുമായി ബന്ധമുള്ള അത്തരം പ്രവർത്തനങ്ങളെ മെറ്റ, ചാറ്റ്ജിപിടി നിർമ്മാതാക്കളായ ഓപ്പൺഎഐയുമായി ചേർന്ന് തടഞ്ഞതായും അറിയിച്ചു.
Meta removes 6.8 million WhatsApp accounts in crackdown on cyber fraud



