ക്യുബെക്ക് പ്രവിശ്യയിലെ വിദഗ്ദ്ധ തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതിനുള്ള അറീമ പ്രോഗ്രാമിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ 273 പേർക്ക് സ്ഥിരതാമസത്തിന് അപേക്ഷിക്കാനുള്ള ക്ഷണം ലഭിച്ചു. മോൺട്രിയൽ മെട്രോപൊളിറ്റൻ പ്രദേശത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ ജോലിയും താമസവും സ്വീകരിക്കാൻ താല്പര്യമുള്ളവരെയാണ് ഈ നറുക്കെടുപ്പിൽ പ്രധാനമായും പരിഗണിച്ചത്.
ജൂലൈ 31-ന് നടന്ന ഈ നറുക്കെടുപ്പിൽ, കുറഞ്ഞത് 661 പോയിൻ്റ് നേടിയ അപേക്ഷകരാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരഞ്ഞെടുക്കപ്പെട്ടവർക്ക് കുറഞ്ഞത് 24 മാസത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം, അതിൽ 12 മാസമെങ്കിലും ക്യുബെക്കിൽ ജോലി ചെയ്തിരിക്കണം .കൂടാതെ, മോൺട്രിയൽ നഗരത്തിന് പുറത്തുള്ള പ്രദേശങ്ങളിൽ താമസിക്കുന്നുണ്ടെന്ന് തെളിയിക്കുന്ന രേഖകളും നിർബന്ധമാണ്.
ചെറിയ നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നിലനിൽക്കുന്ന തൊഴിൽ ക്ഷാമം പരിഹരിക്കുക എന്നതാണ് ഈ സംരംഭത്തിൻ്റെ പ്രധാന ലക്ഷ്യം. ആരോഗ്യ സംരക്ഷണം, നിർമ്മാണം, ഉത്പാദന മേഖല തുടങ്ങിയ വിവിധ മേഖലകളിൽ ആവശ്യമായ തൊഴിലാളികളെ കണ്ടെത്താൻ ഇത് സഹായിക്കും. മോൺട്രിയലിന് പുറത്തുള്ള പ്രദേശങ്ങളിൽ കുടിയേറ്റക്കാർ ദീർഘകാലത്തേക്ക് സ്ഥിരതാമസമാക്കാൻ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
തൊഴിൽ വിപണിയിലെ ആവശ്യങ്ങൾക്കനുസരിച്ച് കൃത്യമായ തിരഞ്ഞെടുപ്പ് നടത്താൻ അറീമ പ്ലാറ്റ്ഫോം വഴി ക്യുബെക്ക് സർക്കാരിന് സാധിക്കുന്നുണ്ട്. മോൺട്രിയലിൽ മാത്രം കുടിയേറ്റക്കാർ കേന്ദ്രീകരിക്കുന്നത് നഗരത്തിലെ ഭവന, അടിസ്ഥാന സൗകര്യ വികസനങ്ങളിൽ സമ്മർദ്ദം സൃഷ്ടിക്കുമെന്ന് പ്രാദേശിക വികസന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. പ്രാദേശിക സന്തുലിത വികസനത്തിന് ഈ നയം സഹായകമാകുമെന്നാണ് അവരുടെ വിലയിരുത്തൽ.
ക്ഷണം ലഭിച്ചവർക്ക് ഇനി ക്യുബെക്കിൻ്റെ സ്ഥിരതാമസത്തിനുള്ള അപേക്ഷ സമർപ്പിക്കാവുന്നതാണ്. തുടർന്ന് ഫെഡറൽ സർക്കാരിൻ്റെ അംഗീകാരം കൂടി ലഭിച്ചാൽ അവർക്ക് ക്യുബെക്കിൽ സ്ഥിരമായി താമസിക്കാൻ സാധിക്കും. വരും മാസങ്ങളിൽ കൂടുതൽ നറുക്കെടുപ്പുകൾ ഉണ്ടാകുമെന്നും ക്യൂബെക്ക് ഇമിഗ്രേഷൻ അധികൃതർ അറിയിച്ചിട്ടുണ്ട്.
Quebec Areema Draw: Invitation for 273 skilled workers



