വാൻകൂവർ ദ്വീപിലുള്ള വെസ്‌ലി റിഡ്ജ് കാട്ടുതീ പടരുന്ന സാഹചര്യത്തിൽ ഒഴിപ്പിക്കൽ മുന്നറിയിപ്പുമായി അധികൃതർ. ക്വാലിക്കം ബീച്ചിനടുത്ത് കാമറൂൺ തടാകത്തിന്റെ വടക്കൻ തീരങ്ങളിൽ വ്യാഴാഴ്ചയാണ് കാട്ടുതീ കണ്ടെത്തിയത്. ഈ മേഖലയിൽ നിലവിൽ 511 ഹെക്ടറിലധികം പ്രദേശത്ത് തീ പടർന്നുപിടിച്ചിട്ടുണ്ട്. തീവ്രമായ വരൾച്ച കാരണം തീ നിയന്ത്രിക്കുന്നത് ദുഷ്കരമാണെന്ന് ബി.സി. വൈൽഡ്ഫയർ സർവീസ് അറിയിച്ചു. പുതിയ മുന്നറിയിപ്പ് നിലവിൽ വന്നതോടെ, മേഖലയിലെ ആളുകൾ എപ്പോൾ വേണമെങ്കിലും ഒഴിപ്പിക്കാൻ തയ്യാറെടുത്തിരിക്കണം.
നിലവിൽ 387 വീടുകളിലെ താമസക്കാരെ ഉടൻ ഒഴിപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ, 235 വീടുകൾക്ക് നേരത്തെ തന്നെ ഒഴിപ്പിക്കൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനുപുറമെ, പുതിയതായി മൂന്ന് റോഡുകളിലെ വീടുകൾക്ക് കൂടി മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഒഴിപ്പിക്കൽ മുന്നറിയിപ്പ് ബാധകമായ മൊത്തം വീടുകളുടെ എണ്ണം ഉടൻ പ്രഖ്യാപിക്കുമെന്ന് റീജിയണൽ ഡിസ്ട്രിക്റ്റ് ഓഫ് നാനൈമോ അധികൃതർ അറിയിച്ചു. കനത്ത വരൾച്ചയാണ് കാട്ടുതീ അതിവേഗം പടരാൻ പ്രധാന കാരണം. ഈ മേഖലയിലെ മരത്തടികളിൽ സാധാരണയായി ഉണ്ടാകേണ്ട ഈർപ്പത്തിന്റെ അളവ് എട്ട് ശതമാനം വരെയായി കുറഞ്ഞതായി അധികൃതർ ചൂണ്ടിക്കാട്ടി.
വെള്ളം ശേഖരിക്കുന്നതിനായി ഫയർ സർവീസിന്റെ ഹെലികോപ്റ്ററുകളും വിമാനങ്ങളും തടാകത്തിന് മുകളിലൂടെ പറക്കുന്നുണ്ട്. സുരക്ഷ മുൻനിർത്തി ഈ സമയം ബോട്ടുകൾ തീരത്തേക്ക് മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. കാട്ടുതീ അണയ്ക്കാൻ കാര്യമായ രീതിയിലുള്ള മഴ അത്യാവശ്യമാണെന്നും, ചെറിയ മഴകൊണ്ട് കാര്യമായ മാറ്റമുണ്ടാകില്ലെന്നും ബി.സി. വൈൽഡ്ഫയർ സർവീസ് അറിയിച്ചു. ലൈറ്റ്‌നിങ് മൂലമല്ലാതെ മനുഷ്യന്റെ അശ്രദ്ധ കാരണം ഉണ്ടായ തീയാണ് ഇതെന്ന് സംശയിക്കുന്നതായും അധികൃതർ കൂട്ടിച്ചേർത്തു. നിലവിൽ ബി.സി. പ്രവിശ്യയിൽ 130-ലധികം കാട്ടുതീകളാണ് പടർന്ന് പിടിക്കുന്നത്.
Wesley Ridge wildfire: Evacuation warning issued on Vancouver Island



