രാജ്യത്തെ കുതിച്ചുയരുന്ന വിലക്കയറ്റം നിയന്ത്രിക്കാനും കറൻസി ഇടപാടുകൾ ലളിതമാക്കാനും ഇറാൻ ഒരു പുതിയ നീക്കം നടത്തുന്നു. തങ്ങളുടെ കറൻസിയായ റിയാലിൽ നിന്ന് നാല് പൂജ്യങ്ങൾ ഒഴിവാക്കാനുള്ള നീക്കത്തിന് പാർലമെന്റിന്റെ സാമ്പത്തിക സമിതി പച്ചക്കൊടി കാണിച്ചു. പാർലമെന്റും ഭരണഘടനാ കൗൺസിലും അംഗീകരിച്ചാൽ ഇത് പ്രാബല്യത്തിൽ വരും.
നിലവിൽ ഒരു യുഎസ് ഡോളർ കൊടുത്താൽ ഏകദേശം പത്ത് ലക്ഷം റിയാൽ വരെ ലഭിക്കും. ഇതിനർത്ഥം, വെറും 87 രൂപയുണ്ടെങ്കിൽ ഇറാനിൽ ലക്ഷാധിപതിയാകാം എന്നാണ്. എന്നാൽ, കറൻസിയുടെ ഈ മൂല്യത്തകർച്ച രാജ്യത്ത് വലിയ പണപ്പെരുപ്പത്തിന് കാരണമായി. കൂടാതെ, സാധനങ്ങൾ വാങ്ങുമ്പോൾ വലിയ തുകകൾ പറയേണ്ടി വരുന്നതും ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കി. ഈ പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ഇറാൻ ഈ ‘പൂജ്യം വെട്ടൽ’ തന്ത്രം പരീക്ഷിക്കുന്നത്.
പൂജ്യങ്ങൾ ഒഴിവാക്കുന്നത് എങ്ങനെ?
നിലവിലെ ഏറ്റവും ചെറിയ തുകയായ 10,000 റിയാലിനെ ഒരു റിയാലായി മാറ്റും. ഇതോടെ, ഒരു റിയാൽ 100 ഖെറാൻ എന്ന പുതിയ മൂല്യത്തിലേക്ക് മാറും.ഇത് കറൻസിയുടെ കൈകാര്യം ചെയ്യലും ഇടപാടുകളും എളുപ്പമാക്കുമെന്നാണ് പ്രതീക്ഷ. ഈ നീക്കം കറൻസിയുടെ മൂല്യത്തിൽ മാറ്റം വരുത്തുന്നില്ല, മറിച്ച് കൈകാര്യം ചെയ്യാനുള്ള എളുപ്പത്തിനായി പൂജ്യങ്ങൾ ഒഴിവാക്കുക മാത്രമാണ് ചെയ്യുന്നത്.
വിദഗ്ദ്ധരുടെ അഭിപ്രായം
കറൻസിയുടെ മൂല്യം കുറവായതിനാൽ വലിയ അളവിൽ നോട്ടുകൾ അച്ചടിക്കേണ്ടി വരുന്നത് ഇറാന് വലിയ സാമ്പത്തികബാധ്യത ഉണ്ടാക്കുന്നുണ്ട്. ഈ നീക്കം ചെലവ് കുറയ്ക്കുമെങ്കിലും, ഇത് പണപ്പെരുപ്പത്തിന് ശാശ്വതമായ പരിഹാരമാകില്ലെന്നാണ് സാമ്പത്തിക വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. നയപരമായ മാറ്റങ്ങളാണ് പണപ്പെരുപ്പം കുറയ്ക്കാൻ വേണ്ടതെന്നും, കണക്കുകളിലെ ഇത്തരം കളികൾ താൽക്കാലിക ആശ്വാസം മാത്രമേ നൽകൂ എന്നും അവർ പറയുന്നു.
ഇറാൻ റിയാലിന്റെ തകർച്ച
2018-ൽ അമേരിക്ക ഇറാനെതിരെ കടുത്ത ഉപരോധങ്ങൾ ഏർപ്പെടുത്തിയതോടെയാണ് റിയാലിന്റെ മൂല്യം കുത്തനെ ഇടിഞ്ഞുതുടങ്ങിയത്. 2015-ൽ ഒരു ഡോളറിന് 32,000 റിയാൽ ആയിരുന്നത്, 2018-ൽ 1.35 ലക്ഷമായി ഉയർന്നു. എന്നാൽ, ഇറാൻ ഇപ്പോഴും ഔദ്യോഗിക വിനിമയ നിരക്ക് 42,000 റിയാലായി നിലനിർത്തുന്നു. ഈ വർഷം ഇത് 10 ലക്ഷത്തിന് അടുത്തെത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി ഇറാനിലെ പണപ്പെരുപ്പം ഉയർന്ന നിലയിലാണ്. 2018 മുതൽ ഡോളറിനെതിരെ റിയാലിന്റെ മൂല്യം ഏകദേശം 90% ഇടിഞ്ഞു.
ഇറാന് മുൻപ് മറ്റുചില രാജ്യങ്ങളും ഈ പൂജ്യംവെട്ടൽ തന്ത്രം ഉപയോഗിച്ചിട്ടുണ്ട്. പണപ്പെരുപ്പം നിയന്ത്രിക്കാൻ സിംബാബ്‌വെയും തുർക്കിയും സമാനമായ രീതിയിൽ കറൻസിയിലെ പൂജ്യങ്ങൾ ഒഴിവാക്കിയിരുന്നു. സിംബാബ്‌വെ 10 പൂജ്യങ്ങളും തുർക്കി 6 പൂജ്യങ്ങളും ഒഴിവാക്കിയാണ് തങ്ങളുടെ കറൻസിക്ക് പുതിയ മൂല്യം നൽകിയത്.
To combat inflation, Iran’s zero-sum game: The country will remove four zeroes from its currency



