പുതിയ പ്രേക്ഷകരെ ആകർഷിക്കുന്നതിനായി പ്രമുഖ യൂട്യൂബർമാരുമായി സഹകരിക്കാൻ ഒരുങ്ങി നെറ്റ്ഫ്ലിക്സ്. യൂട്യൂബിൽ വലിയ വിജയമായ പരിപാടികൾക്ക് ലൈസൻസ് നേടാനും അതുവഴി പുതിയ കണ്ടന്റുകൾ കുറഞ്ഞ ചെലവിൽ പ്രേക്ഷകരിലേക്ക് എത്തിക്കാനുമാണ് നെറ്റ്ഫ്ലിക്സ് ശ്രമിക്കുന്നതെന്ന് വിദഗ്ദ്ധർ പറയുന്നു. വലിയ നിക്ഷേപം നടത്തി പുതിയ പരിപാടികൾ നിർമ്മിച്ച് അത് പരാജയപ്പെടുന്നതിനുള്ള സാധ്യത ഒഴിവാക്കാനും ഇത് സഹായിക്കും.
ജനപ്രിയ യൂട്യൂബർമാരായ മിസ് റേച്ചൽ, ദി സൈഡ്‌മെൻ തുടങ്ങിയവർ നെറ്റ്ഫ്ലിക്സുമായി കരാറിൽ ഏർപ്പെട്ടിട്ടുണ്ട്. മിസ് റേച്ചലിന്റെ വീഡിയോകൾക്ക് യൂട്യൂബിൽ 11 ബില്യണിലധികം കാഴ്ചക്കാരുണ്ട്. അവരുടെ നാല് എപ്പിസോഡുകൾക്ക് നെറ്റ്ഫ്ലിക്സ് ലൈസൻസ് നേടിയിട്ടുണ്ട്. ബ്രിട്ടീഷ് യൂട്യൂബർമാരായ ദി സൈഡ്‌മെൻ തങ്ങളുടെ രണ്ടാം സീസൺ നെറ്റ്ഫ്ലിക്സിലൂടെയാണ് പുറത്തിറക്കിയത്.
യൂട്യൂബിൽ 2.7 ബില്യണിലധികം പ്രതിമാസ ഉപയോക്താക്കളുണ്ട്. ഇത് നെറ്റ്ഫ്ലിക്സിനും മറ്റ് സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമുകൾക്കും ഒരു മികച്ച വിപണന സാധ്യത തുറന്നു നൽകുന്നു. യൂട്യൂബ് ഉപയോക്താക്കളെ തങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് ആകർഷിക്കാൻ നെറ്റ്ഫ്ലിക്സിന് ഇതിലൂടെ സാധിക്കും. യൂട്യൂബിൽ വിജയിച്ച കണ്ടന്റുകൾ കണ്ടെത്തി, അവയുടെ നിർമ്മാതാക്കളുമായി സഹകരിക്കുന്നതിലൂടെ പുതിയ പരിപാടികൾ ഉണ്ടാക്കുന്നതിലെ അപകടസാധ്യത കുറയ്ക്കാൻ നെറ്റ്ഫ്ലിക്സിന് സാധിക്കുമെന്ന് ടൊറന്റോ മെട്രോപൊളിറ്റൻ യൂണിവേഴ്സിറ്റിയിലെ സോഷ്യൽ മീഡിയ ലാബിന്റെ സഹ ഡയറക്ടർ ഫിലിപ് മായി പറഞ്ഞു.
‘ദി അമേസിംഗ് ഡിജിറ്റൽ സർക്കസ്’ എന്ന ആനിമേറ്റഡ് സീരീസ് ഇതിന് ഒരു ഉദാഹരണമാണ്. യൂട്യൂബിൽ വലിയ വിജയം നേടിയ ഈ സീരീസിലെ അഞ്ച് എപ്പിസോഡുകൾക്ക് 750 ദശലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്. ഇത് നെറ്റ്ഫ്ലിക്സിന്റെ ശ്രദ്ധ നേടുകയും അവർ ഈ സീരീസിനായി കരാറിൽ ഏർപ്പെടുകയുമായിരുന്നു. യൂട്യൂബിൽ വളരെയധികം ഫോളോവേഴ്‌സ് ഉള്ള മിസ്റ്റർബീസ്റ്റ് എന്ന യൂട്യൂബർ ആമസോൺ പ്രൈമുമായി ഒരു റിയാലിറ്റി ഷോയ്ക്ക് കരാറിലേർപ്പെട്ടതും ഈ ട്രെൻഡിന്റെ ഭാഗമാണ്.



