എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നത്. മികച്ച നടനുള്ള പുരസ്‌കാരം ‘ജവാൻ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഷാരൂഖ് ഖാനും ’12ത് ഫെയിൽ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് വിക്രാന്ത് മാസിയും പങ്കിട്ടപ്പോൾ പൃഥ്വിരാജ് സുകുമാരൻ ആരാധകർ വലിയ നിരാശയിലാണ്. ‘ആടുജീവിതം: ദി ഗോട്ട് ലൈഫ്’ എന്ന സിനിമയിലെ പൃഥ്വിരാജിന്റെ മികച്ച പ്രകടനത്തെ തഴഞ്ഞുവെന്ന് അവർ ആരോപിക്കുന്നു.
ദേശീയ പുരസ്കാരം ലഭിക്കാൻ ഏറ്റവും അർഹൻ പൃഥ്വിരാജ് ആണെന്നും അദ്ദേഹത്തെ പരിഗണിക്കാത്തത് നീതിയല്ലെന്നും ആരാധകർ എക്‌സിൽ കുറിച്ചു. “ഒരു സിനിമയ്ക്കുവേണ്ടി ഒരു നടൻ ഇത്രയധികം കഷ്ടപ്പെട്ടിട്ടും ഒരു ദേശീയ അവാർഡ് പോലും ലഭിച്ചില്ല. ഇത് പതിറ്റാണ്ടിലെ ഏറ്റവും മികച്ച പ്രകടനമായിരുന്നു. ദേശീയ പുരസ്കാരങ്ങൾ ഒരു തമാശയായി മാറിയിരിക്കുന്നു. അടുത്ത തവണ ഭാഗ്യം ഉണ്ടാകട്ടെയെന്ന്” ഒരു ആരാധകൻ കുറിച്ചു. “ഇതിനെയാണ് അഭിനയം എന്ന് പറയുന്നത്. അദ്ദേഹത്തിന് ഒരു ദേശീയ അവാർഡ് അർഹതപ്പെട്ടതാണ്”, സിനിമയിലെ ഒരു രംഗം പങ്കുവെച്ചുകൊണ്ട് മറ്റൊരാൾ കുറിച്ചു.
എന്തുകൊണ്ടാണ് ‘ആടുജീവിതം’ പരിഗണിക്കപ്പെടാതിരുന്നത്? 2023-ൽ റിലീസ് ചെയ്യുകയോ സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കുകയോ ചെയ്ത സിനിമകളാണ് 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾക്കായി പരിഗണിച്ചത്. എന്നാൽ ബ്ലെസ്സി സംവിധാനം ചെയ്ത ‘ആടുജീവിതം’ ഈ രണ്ട് മാനദണ്ഡങ്ങളിലും ഉൾപ്പെടുന്നില്ല. 2024 ജനുവരിയിലാണ് സിനിമ സെൻസർ സർട്ടിഫിക്കേഷനായി സമർപ്പിച്ചത്. 2024 ഫെബ്രുവരി ഒന്നിന് സർട്ടിഫിക്കറ്റ് ലഭിക്കുകയും മാർച്ച് 28-ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുകയുമായിരുന്നു. അതുകൊണ്ടുതന്നെ അടുത്ത വർഷം പ്രഖ്യാപിക്കുന്ന 72-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരത്തിനാകും ‘ആടുജീവിതം’ പരിഗണിക്കുക.
ബ്ലെസി സംവിധാനം ചെയ്ത ‘ആടുജീവിതം’ സൗദി അറേബ്യയിലെ മരുഭൂമിയിൽ കുടുങ്ങിപ്പോയ നജീബ് എന്ന മലയാളി കുടിയേറ്റ തൊഴിലാളിയുടെ യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ഒരു അതിജീവന കഥയാണ്. പൃഥ്വിരാജ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ ജിമ്മി ജീൻ-ലൂയിസ്, അമല പോൾ, കെ.ആർ. ഗോകുൽ, ശോഭാ മോഹൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. നിരൂപക പ്രശംസ നേടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു. 158 കോടി രൂപയിലധികം കളക്ഷൻ നേടി എക്കാലത്തെയും മികച്ച പണംവാരി മലയാള സിനിമകളിൽ ഒന്നായി ഈ ചിത്രം മാറി.



