യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച 35% പുതിയ ഇറക്കുമതി താരിഫ് നിരാശാജനകമാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി. അതേസമയം, ഈ വെല്ലുവിളിയെ നേരിടാൻ കാനഡ സ്വന്തം രാജ്യത്ത് ഉത്പാദനം വർദ്ധിപ്പിക്കുമെന്നും ആഗോള വ്യാപാര ബന്ധങ്ങൾ വികസിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. “അമേരിക്കയുമായുള്ള വ്യാപാര ബന്ധങ്ങളെക്കുറിച്ച് ഞങ്ങൾ തുടർന്നും ചർച്ച നടത്തും. അതേസമയം, കാനഡയെ ശക്തമായി കെട്ടിപ്പടുക്കുന്നതിൽ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്,” കാർണി വെള്ളിയാഴ്ച രാവിലെ ‘എക്സി’ൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ പറഞ്ഞു.
ഏതൊരു വിദേശ സർക്കാരിനും കാനഡയിൽ നിന്ന് എടുത്തുമാറ്റാൻ കഴിയുന്നതിനേക്കാൾ കൂടുതൽ കാര്യങ്ങൾ നമുക്ക് നമ്മുക്ക് തന്നെ നൽകാൻ കഴിയും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഓഗസ്റ്റ് ഒന്നിന് കാനഡയുൾപ്പെടെ 68 രാജ്യങ്ങൾക്കും യൂറോപ്യൻ യൂണിയനും പുതിയ വ്യാപാര കരാറുകളിൽ എത്താൻ ട്രംപ് അന്ത്യശാസനം നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഇറക്കുമതി താരിഫ് പ്രഖ്യാപിച്ചത്. കാനഡ-യുഎസ്-മെക്സിക്കോ വ്യാപാര കരാറിന് (CUSMA) കീഴിലുള്ള ഉൽപ്പന്നങ്ങൾക്ക് പുതിയ താരിഫ് ബാധകമല്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
വ്യാപാരക്കമ്മി, കാനഡയുടെ ഡയറി വ്യവസായത്തിലെ സപ്ലൈ മാനേജ്മെന്റ്, പലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാനുള്ള കാനഡയുടെ തീരുമാനം, കാനഡ-യുഎസ് അതിർത്തിയിലൂടെയുള്ള അനധികൃത മയക്കുമരുന്ന് കടത്ത് എന്നിവയാണ് താരിഫിനുള്ള കാരണങ്ങളായി ട്രംപ് ചൂണ്ടിക്കാട്ടിയത്. എന്നാൽ, അമേരിക്കയിലേക്ക് വരുന്ന മയക്കുമരുന്നിന്റെ ചെറിയൊരു ഭാഗം മാത്രമാണ് കനേഡിയൻ അതിർത്തി വഴിയെത്തുന്നതെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.
മയക്കുമരുന്ന് കടത്തുകാരെ പിടികൂടാനും അതിർത്തിയിലെ കുറ്റകൃത്യങ്ങൾ ഇല്ലാതാക്കാനും സർക്കാർ വലിയ നിക്ഷേപം നടത്തുന്നുണ്ടെന്ന് കാർണി പറഞ്ഞു. കാനഡയും അമേരിക്കയും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ രൂക്ഷമാകുമ്പോഴും ഫെന്റനൈൽ പോലുള്ള മയക്കുമരുന്ന് കടത്ത് തടയാൻ അമേരിക്കയുമായി തുടർന്നും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



