തെക്കൻ ക്യുബെക്ക് പ്രവിശ്യയെ പൂർണമായും കവർന്ന് കനത്ത കാട്ടുതീ പുക. കനേഡിയൻ പ്രയറികളിൽ നിന്നുള്ള കാട്ടുതീയുടെ പുക വ്യാപിച്ചതിനെ തുടർന്ന് തെക്കൻ ക്യൂബെക്കിൽ വായു ഗുണനിലവാര മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചു. സ്വിസ് കമ്പനിയായ IQAir-ൻ്റെ കണക്കുകൾ പ്രകാരം, ഇന്ന് മോൺട്രിയലിലാണ് ലോകത്തിലെ ഏറ്റവും മോശം വായുനിലവാരം രേഖപ്പെടുത്തിയത്.
പുറത്ത് സമയം ചെലവഴിക്കുന്നത് പരിമിതപ്പെടുത്തണമെന്ന് എൻവയോൺമെൻ്റ് കാനഡ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിലവിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവരും, പ്രായമായവരും, ഗർഭിണികളും, ശിശുക്കളും, കൊച്ചുകുട്ടികളും ഈ വാരാന്ത്യത്തിൽ കഠിനമായ ഔട്ട്ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.
തെക്കൻ ക്യുബെക്കിൽ ഞായർ, തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പുകളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്. പകൽ താപനില 30 ഡിഗ്രി സെൽഷ്യസിനു മുകളിലെത്തുമെന്നും രാത്രിയിൽ 20 ഡിഗ്രി സെൽഷ്യസിനു മുകളിൽ തുടരുമെന്നും പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.



