കാനഡയിലുടനീളം 6.5 ലക്ഷത്തിലധികം വിറ്റഴിച്ച ചിലതരം ഇലക്ട്രിക്കൽ ഔട്ട്‌ലെറ്റുകൾ തീപിടിത്ത സാധ്യതയുള്ളതിനാൽ തിരിച്ചുവിളിച്ചതായി ഹെൽത്ത് കാനഡ അറിയിച്ചു. ഹോം ഹാർഡ്‌വെയർ സ്റ്റോറുകളിലൂടെ വിറ്റഴിച്ച GFCI (ഗ്രൗണ്ട് ഫോൾട്ട് സർക്യൂട്ട് ഇൻ്ററപ്റ്റർ) സേഫ്റ്റി ഔട്ട്‌ലെറ്റുകളാണ് ഇതിൽ ഉൾപ്പെടുന്നത്. വെള്ളിയാഴ്ച ഹെൽത്ത് കാനഡ പുറത്തുവിട്ട അറിയിപ്പ് പ്രകാരം, കാനഡയിലെ ഹോം ഹാർഡ്‌വെയർ ഷോപ്പുകളിൽ വിറ്റഴിച്ച വെള്ള നിറത്തിലുള്ള മൂന്ന് മോഡൽ GFCI ഔട്ട്‌ലെറ്റുകൾക്കാണ് തകരാർ കണ്ടെത്തിയിരിക്കുന്നത്.
ചൈനയിൽ നിർമ്മിച്ച ഈ ഔട്ട്‌ലെറ്റുകളിലെ ടെർമിനൽ സ്ക്രൂകൾ ശരിയായി മുറുകാത്തതാണ് പ്രശ്നം. ഇത് താപനില കൂട്ടാനും തീപിടിത്തത്തിന് കാരണമാകാനും സാധ്യതയുണ്ടെന്ന് ഹെൽത്ത് കാനഡ മുന്നറിയിപ്പ് നൽകുന്നു. 2025 ജൂലൈ 9 വരെ, 812 സ്ക്രൂ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ഫെഡറൽ ഏജൻസി അറിയിച്ചു.
കൂടാതെ, സ്വത്തിന് നാശനഷ്ടമുണ്ടാക്കിയ ഒരു തീപിടിത്തവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, ഈ സംഭവങ്ങളിലൊന്നും ആർക്കും പരിക്കേറ്റിട്ടില്ല എന്ന് ഹെൽത്ത് കാനഡ വ്യക്തമാക്കി. “TR” എന്ന് മുന്നിലും “LGL” എന്ന് പിന്നിലും ആലേഖനം ചെയ്ത ഉൽപ്പന്നങ്ങളാണ് തിരിച്ചുവിളിച്ചത്. 2015 മുതൽ 2025 മെയ് വരെ രാജ്യത്ത് ഏകദേശം 664,000 യൂണിറ്റ് ഉൽപ്പന്നങ്ങൾ വിറ്റഴിച്ചിട്ടുണ്ടെന്നും ഹെൽത്ത് കാനഡ അറിയിച്ചു.
ഈ ഔട്ട്‌ലെറ്റുകൾ കൈവശമുള്ളവർ ഉടനടി അവയുടെ ഉപയോഗം നിർത്തണം. വിതരണക്കാരായ യൂണിസൺ റിഡ്ജുമായി ബന്ധപ്പെട്ട് തിരിച്ചുനൽകാനുള്ള നിർദ്ദേശങ്ങൾ തേടുക. ഹോം ഹാർഡ്‌വെയറിൽ നിന്ന് പണം തിരികെ ലഭിക്കും.



