ടൊറോന്റോയുടെ പുതിയ മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ആയി ഡോ. മിഷേൽ മൂർത്തിയെ സിറ്റി കൗൺസിൽ നിയമിച്ചു. പൊതുജനാരോഗ്യം, പ്രതിരോധ വൈദ്യശാസ്ത്രം എന്നിവയിൽ പ്രാഗത്ഭ്യമുള്ള ഡോ. മൂർത്തി, ലോകാരോഗ്യ സംഘടനയിൽ മെഡിക്കൽ എപ്പിഡെമിയോളജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്. ബുധനാഴ്ച ചേർന്ന ടൊറോന്റോ സിറ്റി കൗൺസിൽ യോഗമാണ് നിയമനത്തിന് അംഗീകാരം നൽകിയത്.
ടൊറോന്റോയിലെ മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് എന്ന നിലയിൽ ജനങ്ങളെ സേവിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.” നല്ല ആരോഗ്യത്തോടെ എല്ലാവർക്കും സന്തോഷമായി ജീവിക്കാനും ജോലി ചെയ്യാനും കഴിയുന്ന ഒരു ടൊറോന്റോ കെട്ടിപ്പടുക്കാൻ ടൊറോന്റോ പബ്ലിക് ഹെൽത്ത് ജീവനക്കാർക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഡോ. മൂർത്തി പ്രസ്താവനയിൽ പറഞ്ഞു.
നിലവിൽ ഒന്റാറിയോയുടെ അസോസിയേറ്റ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്തും നോർത്ത് വെസ്റ്റ് ടെറിട്ടറീസിലെ ആക്ടിംഗ് ചീഫ് പ്രൊവിൻഷ്യൽ ഹെൽത്ത് ഓഫീസറുമാണ് ഡോ. മൂർത്തി. കാലാവസ്ഥാ വ്യതിയാനം പൊതുജനാരോഗ്യത്തിൽ ഉണ്ടാക്കുന്ന ദീർഘകാല പ്രശ്നങ്ങൾ, ഓരോ പ്രദേശത്തെയും ആരോഗ്യപരമായ അസമത്വങ്ങൾ, ശാസ്ത്രത്തിലുള്ള വിശ്വാസം തിരികെ കൊണ്ടുവരേണ്ടതിൻ്റെ പ്രാധാന്യം എന്നിവയെല്ലാം നേരിടാൻ വലിയ പ്രയത്നം ആവശ്യമാണെന്ന് മേയർ ഒലീവ ചോ ബുധനാഴ്ച കൗൺസിൽ യോഗത്തിൽ പറഞ്ഞു.
“ഈ സമയത്ത് നമ്മളെ നയിക്കാൻ ഡോ. മൂർത്തിയാണ് ഏറ്റവും നല്ലയാൾ. അദ്ദേഹം സുതാര്യമായും സഹകരണത്തോടെയുംപ്രവർത്തിക്കുമെന്ന് മേയർ പറഞ്ഞു.” സെപ്റ്റംബർ 3-ന് പ്രാബല്യത്തിൽ വരുന്ന ഡോ. മൂർത്തിയുടെ നിയമനത്തിന് ഒന്റാറിയോ ആരോഗ്യ മന്ത്രാലയത്തിന്റെ അംഗീകാരം ആവശ്യമാണ്. സെപ്റ്റംബർ 2 വരെ ഡോ. നാ-കോഷി ലാംപ്റ്റെ ആക്ടിംഗ് മെഡിക്കൽ ഓഫീസർ ഓഫ് ഹെൽത്ത് ആയി തുടരുമെന്ന് സിറ്റി അറിയിച്ചു.



