ആൽബെർട്ടയിലെ വെയ്‌ൻറൈറ്റിൽ ഒരു സ്വകാര്യ ചടങ്ങിൽ പങ്കെടുത്ത രണ്ട് കനേഡിയൻ സൈനികർക്ക് കുത്തേറ്റതായി പോലീസ്. കഴിഞ്ഞ ദിവസം രാത്രി ഒരു കൂട്ടം ആളുകൾ തമ്മിലുള്ള സംഘർഷത്തിനിടെയുണ്ടായ വാക്ക് തർക്കമാണ് കത്തികുത്തിൽ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. ഈ തർക്കം എന്തായിരുന്നുവെന്നും, ഇങ്ങിനെയൊരു ആക്രമണത്തിൽ കലാശിച്ചതിന് പിന്നിൽ എന്താണ് കാരണമെന്നുമുള്ളത് ഇപ്പോഴും ദുരൂഹമാണ്.
നിരവധി ആളുകൾ പങ്കെടുത്ത ഒരു വലിയ സംഘർഷത്തിനിടെയാണ് ആക്രമണം നടന്നതെന്ന് ആൽബെർട്ട RCMP (റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ്) മാധ്യമങ്ങളോട് പറഞ്ഞു. രാത്രി 12 മണിക്ക് തൊട്ടുമുമ്പ്, കിഴക്കൻ ആൽബെർട്ടയിലെ ഒരു വീട്ടിൽ എന്തോ പ്രശ്‌നം നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൈനികരെ പോലീസ് സംഭവസ്ഥലത്തെത്തുന്നതിന് മുൻപ് തന്നെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇരുവരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നും അവർ സുഖം പ്രാപിച്ച് വരുന്നെന്നും പോലീസ് അറിയിച്ചു.
സംഭവസ്ഥലത്തെ താമസക്കാരല്ല പരിക്കേറ്റ സൈനികർ. ഈ സംഭവവുമായി ബന്ധപ്പെട്ട് 23 വയസ്സുള്ള ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആയുധം ഉപയോഗിച്ച് ആക്രമിച്ചതിനും അപകടകരമായ രീതിയിൽ ആയുധം കൈവശം വെച്ചതിനും ഇയാൾക്കെതിരെ കേസെടുത്തു. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം തുടരുകയാണ്.
എഡ്മണ്ടനിൽ നിന്ന് ഏകദേശം 200 കിലോമീറ്റർ തെക്കുകിഴക്കായി സ്ഥിതി ചെയ്യുന്ന 7,000 ആളുകൾ മാത്രം താമസിക്കുന്ന ചെറിയ പട്ടണമാണ് വെയ്‌ൻറൈറ്റ്. ഈ പട്ടണത്തിന് സമീപത്താണ് കനേഡിയൻ ആംഡ് ഫോഴ്സസിന്റെ ബേസ് ക്യാമ്പായ സിഎഫ്ബി വെയ്‌ൻറൈറ്റ് സ്ഥിതി ചെയ്യുന്നത്.
Two Canadian soldiers stabbed during private event in Alberta



