ടൊറോൻ്റോ നഗരത്തിൻ്റെ കിഴക്കൻ മേഖലയിലുണ്ടായ അപ്പാർട്ട്മെന്റിലെ തീപിടിത്തത്തിൽ എഴുപതുവയസുക്കാരൻ മരിക്കുകയും അതേ പ്രായത്തിലുള്ള ഒരു സ്ത്രീക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ടൊറോൻ്റോയിലെ ജെറാർഡ് സ്ട്രീറ്റ് ഈസ്റ്റിലുള്ള അപ്പാർട്ട്മെൻ്റിൽ ഞായറാഴ്ച പുലർച്ചെ 12 മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിൻ്റെ നാലാം നിലയിൽനിന്ന് കനത്ത പുക ഉയരുന്നതായി കണ്ടുവെന്ന് അഗ്നിശമനസേനാംഗങ്ങൾ പറഞ്ഞു. ഒരാൾ മരിച്ചതായി അവർ സ്ഥിരീകരിക്കുകയും ചെയ്തു.
പരിക്കേറ്റ് ഗുരുതരാവസ്ഥയിലായ സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി പാരാമെഡിക്സ് അറിയിച്ചു. നേരിയ പരിക്കുകളോടെ മറ്റൊരു വ്യക്തിക്കും ചികിത്സ നൽകിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കിയിട്ടുണ്ട്. തീപിടിത്തത്തിൻ്റെ കാരണം ഇതുവരെ വ്യക്തമല്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഫയർ മാർഷലിന്റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
അപകടത്തെത്തുടർന്ന് ജെറാർഡ് സ്ട്രീറ്റ് ഈസ്റ്റിൽ ഗ്രീൻവുഡ് അവന്യൂ ഭാഗത്ത് ഗതാഗതം തടസ്സപ്പെട്ടിരുന്നു. എന്നാൽ, രാവിലെ 7 മണിയോടെ എല്ലാ റോഡുകളും തുറന്നുകൊടുത്തതായി പോലീസ് അറിയിച്ചു.



