കേവലം 19 വയസ്സ് പ്രായമുള്ള ഓറെ മാക്സ്‌വെൽ എന്ന അസാധാരണ പ്രതിഭയുടെ കഥ ഇന്ന് കാനഡയിലെ വിദ്യാഭ്യാസ രംഗത്ത് വലിയ ചർച്ചയാവുകയാണ്. രാജ്യത്തെ ഏഴ് പ്രമുഖ മെഡിക്കൽ കോളേജുകളിൽ നിന്നും ഒരേസമയം പ്രവേശന ഓഫർ ലഭിച്ച ഈ യുവതി, തന്റെ വിജയരഹസ്യം അമ്മയിൽ നിന്ന് പഠിച്ച ഒരു ലളിതമായ തത്വം എന്ന് പറയുന്നത് ‘പേടിയുണ്ടെങ്കിലും അത് ചെയ്യുക എന്നതാണ്’. സാധാരണ നാല് വർഷം വേണ്ട ബിരുദ പഠനം മൂന്ന് വർഷം കൊണ്ട് പൂർത്തിയാക്കി, 16-ാം വയസ്സിൽ ഹൈസ്കൂൾ വിട്ട് 17-ന് യൂണിവേഴ്സിറ്റിയിൽ കാലുകുത്തിയ ഓറെ, ഇന്ന് കാൽഗറി യൂണിവേഴ്സിറ്റിയിലെ മെഡിക്കൽ വിദ്യാർത്ഥിനിയായി തന്റെ സ്വപ്നങ്ങളെ യാഥാർത്ഥ്യമാക്കുകയാണ്.
ടൊറന്റോ യൂണിവേഴ്‌സിറ്റി, മക്മാസ്റ്റർ യൂണിവേഴ്‌സിറ്റി, വെസ്റ്റേൺ യൂണിവേഴ്‌സിറ്റി, ആൽബെർട്ട യൂണിവേഴ്‌സിറ്റി, ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്‌സിറ്റി, ഡൽഹൗസി യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിലും ഓറെക്ക് പ്രവേശനം ലഭിച്ചിരുന്നു. പഠനത്തിൽ മാത്രമല്ല, സാമൂഹിക പ്രവർത്തനങ്ങളിലും ഓറെ സജീവമായിരുന്നു.
ബിരുദ പഠനകാലത്ത് കുട്ടികളുടെ അർബുദ രോഗികളെ സഹായിക്കാൻ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും, മെന്റർ, പോളിസി കോ-ഓർഡിനേറ്റർ തുടങ്ങിയ നിലകളിൽ പ്രവർത്തിക്കുകയും ചെയ്തു. മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും പിന്തുണയാണ് തനിക്ക് ഈ നേട്ടങ്ങൾ കൈവരിക്കാൻ സഹായിച്ചതെന്നാണ് ഓറെ പറയുന്നത്. സമ്മർദ്ദം നിറഞ്ഞ ഓരോ ഘട്ടങ്ങളിൽ പോലും അവരുടെ സ്നേഹവും പിന്തുണയും തനിക്ക് കരുത്തായെന്നാണ് ഈ 19 വയസ്സുകാരി അഭിപ്രായപ്പെടുന്നത്.
മെഡിക്കൽ പഠനത്തിനായി കാൽഗറി യൂണിവേഴ്‌സിറ്റി തിരഞ്ഞെടുത്തതിൽ ഓറെ സന്തുഷ്ടയാണ്. അവിടുത്തെ സമഗ്രമായ പാഠ്യപദ്ധതിയും നഗരത്തോടുള്ള ഇഷ്ടവുമാണ് ഈ തീരുമാനം എടുക്കാൻ കാരണം. മെഡിസിനിൽ ഏത് മേഖല തിരഞ്ഞെടുക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെങ്കിലും, ഓരോ സാധ്യതകളെയും കുറിച്ച് പഠിക്കാൻ ഓറെക്ക് ആവേശമുണ്ട്.
കഠിനാധ്വാനവും അർപ്പണബോധവും ആർക്കും വിജയം നേടിക്കൊടുക്കുമെന്നാണ് ഓറെ യുവതലമുറയെ ഓർമ്മിപ്പിക്കുന്നത്. “എന്തെങ്കിലും ചെയ്യാൻ പേടിയാണെങ്കിൽ, ആ നിമിഷം തന്നെ അത് ചെയ്യുക. കാരണം അപ്പോഴാണ് നമ്മുടെ വികാരങ്ങൾ ഏറ്റവും തീവ്രവും ലക്ഷ്യബോധം ഏറ്റവും ശക്തവുമാകുന്നത്. പേടിയും ആശങ്കയുമെല്ലാം സ്വാഭാവികമാണെന്നും ഈ കൊച്ചുമിടുക്കി പറയുന്നു..



