അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള അഭ്യൂഹങ്ങൾക്ക് വൈറ്റ് ഹൗസ് ഔദ്യോഗിക വിശദീകരണം നൽകിയിരിക്കുകയാണ്. പരിശോധനയിൽ ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി (CVI) എന്ന രോഗാവസ്ഥയുണ്ടെന്ന് കണ്ടെത്തിയതായി വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് അറിയിച്ചു. 70 വയസ്സിനു മുകളിലുള്ളവരിൽ, പ്രത്യേകിച്ച് പ്രായമായവരിൽ സാധാരണയായി കണ്ടു വരുന്ന ഒന്നാണ് ഈ അവസ്ഥയെന്നും പ്രസ് സെക്രട്ടറി കൂട്ടിച്ചേർത്തു. നേരത്തെ, ട്രംപിന്റെ കണങ്കാലിൽ വീക്കവും കൈയിൽ ചതവും കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു, ഇത് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നിരവധി ചോദ്യങ്ങൾക്ക് വഴിവെച്ചിരുന്നു.
വൈറ്റ് ഹൗസ് മെഡിക്കൽ യൂണിറ്റിന്റെ വിശദമായ പരിശോധനകൾക്കും അൾട്രാസൗണ്ട് സ്കാനിംഗിനും ശേഷമാണ് ഈ കണ്ടെത്തൽ. ട്രംപിന് മറ്റ് ഗുരുതരമായ രോഗാവസ്ഥകളൊന്നും ഇല്ലെന്ന് ലീവിറ്റ് വ്യക്തമാക്കി. സിവിഐ കാരണം ട്രംപിന് നിലവിൽ കാര്യമായ അസ്വസ്ഥതകളൊന്നും അനുഭവപ്പെടുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു. കാലിലെ നീർവീക്കത്തിന് പുറമെ, ട്രംപിന്റെ കൈയുടെ പിൻഭാഗത്ത് ഒരു ചതവ് ഉണ്ടായിരുന്നതായും ലീവിറ്റ് സ്ഥിരീകരിച്ചു. സിരകൾ ശരിയായി പ്രവർത്തിക്കാത്ത അവസ്ഥയാണ് സിവിഐ. ഈ രോഗം ബാധിച്ചവർക്ക് കാലുകളിൽ വേദന, തരിപ്പ്, ദീർഘനേരം നിൽക്കുമ്പോൾ ക്ഷീണം, കണങ്കാലിന് ചുറ്റും വീക്കം എന്നിവ അനുഭവപ്പെടാം.
ഒരു പത്രസമ്മേളനത്തിനിടെ ട്രംപിന്റെ കൈയിലെ ചതഞ്ഞ പാടിന്റെ ചിത്രം പുറത്തുവന്നതോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ ആരംഭിച്ചത്. കൈയുടെ പിൻഭാഗത്തെ പാട് മറയ്ക്കാൻ കനത്ത മേക്കപ്പ് ഉപയോഗിക്കുന്നുണ്ടെന്നതടക്കം നിരവധി റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. എന്നാൽ, വൈറ്റ് ഹൗസിന്റെ ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ ഈ അഭ്യൂഹങ്ങൾക്ക് വിരാമമായിരിക്കുകയാണ്. പ്രസിഡന്റിന്റെ ആരോഗ്യനില സംബന്ധിച്ച സുതാര്യത ഉറപ്പുവരുത്താൻ ഈ വിശദീകരണം സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.



