കാനഡ, ചെക് റിപ്പബ്ലിക്, അസർബൈജാൻ തുടങ്ങിയ രാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ ദമ്പതികൾക്കെതിരെ പരാതി. കാലടി സ്വദേശികളായ മണവാളൻ ആന്റു– ബിന്ദു ദമ്പതികൾക്കെതിരെയാണ് തട്ടിപ്പിന് ഇരയായ 4 പേർ കാലടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. മൂന്നര ലക്ഷം രൂപവരെയാണ് ദമ്പതികൾ ജോലിക്കായി ഒരു വ്യക്തിയിൽ നിന്ന് കൈപ്പറ്റിയിട്ടുണ്ട്. പണം നൽകി മാസങ്ങൾ കഴിഞ്ഞിട്ടും പിന്നീട് വിവരമില്ലാത്തതോടെയാണ് പണം നൽകിയ ആളുകൾക്ക് സംശയം തോന്നിയത്. വീസ ലഭിക്കാത്തതിനെത്തുടർന്നു പരാതിക്കാർ ദമ്പതികളെ ഫോണിൽ വിളിച്ചിരുന്നു. പണവും പാസ്പോർട്ടും മടക്കി നൽകാമെന്ന് പറഞ്ഞ് ഇവർ ഓരോ ഡേറ്റ് നൽകുകയും ഓരോ തവണയും അവധി നീട്ടി ആവശ്യപ്പെടുകയും ചെയ്തു. നിലവിൽ ദമ്പതികളെ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് ചതിക്കപ്പെട്ടെന്ന് മനസ്സിലായത്. ഇരുവരും വിദേശത്തേക്ക് മുങ്ങിയെന്നാണ് സംശയം.



