കാനഡയുടെ തൊഴിൽ വിപണി ജൂൺ മാസത്തിൽ അപ്രതീക്ഷിതമായ മുന്നേറ്റം രേഖപ്പെടുത്തി. സ്റ്റാറ്റിസ്റ്റിക്സ് കാനഡ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, രാജ്യത്ത് 83,000 പുതിയ തൊഴിലവസരങ്ങൾ നിലവിൽ വന്നിട്ടുണ്ട്. ഇതോടെ, തുടർച്ചയായി വർദ്ധിച്ചുകൊണ്ടിരുന്ന തൊഴിലില്ലായ്മ നിരക്ക് 6.9 ശതമാനമായി കുറഞ്ഞു. ഇത് സാമ്പത്തിക വിദഗ്ധർ പ്രവചിച്ച 7.1 ശതമാനം എന്നതിലും വലിയ പുരോഗതിയാണ്. രാജ്യത്തിൻ്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതിൻ്റെ ശുഭസൂചനയായി ഇത് വിലയിരുത്തപ്പെടുന്നു.
പുതുതായി സൃഷ്ടിക്കപ്പെട്ട തൊഴിലവസരങ്ങളിൽ ഭൂരിഭാഗവും ഭാഗിക ജോലികളാണ്. സ്വകാര്യ മേഖലയിൽ മാത്രം 47,000 പുതിയ ജോലികൾ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ മൂന്ന് മാസമായി ഉയർന്നുനിന്ന തൊഴിലില്ലായ്മ നിരക്കിന് ഈ കണക്കുകൾ ഒരു വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്. ഈ വർഷം ജനുവരിക്ക് ശേഷം ഇതാദ്യമായാണ് ഇത്രയും വലിയ തോതിലുള്ള തൊഴിൽ വർദ്ധനവ് കാനഡയിൽ രേഖപ്പെടുത്തുന്നത്. ഹോൾസെയിൽ-റീട്ടെയിൽ വ്യാപാര മേഖലയാണ് 34,000 പുതിയ ജോലികളോടെ തൊഴിൽ സൃഷ്ടിയിൽ മുന്നിട്ടുനിന്നത്. ആരോഗ്യ സംരക്ഷണ, സാമൂഹിക സേവന മേഖലകളിൽ 17,000 തൊഴിലുകൾ വർദ്ധിച്ചപ്പോൾ, കാർഷിക മേഖലയിൽ 6,000 ജോലികൾ നഷ്ടപ്പെട്ടതായി സ്റ്റാറ്റ്കാൻ റിപ്പോർട്ട് ചെയ്യ്തു.
അമേരിക്കയുമായുള്ള കാനഡയുടെ താരിഫ് തർക്കങ്ങൾ കാരണം പ്രതിസന്ധിയിലായിരുന്ന നിർമ്മാണ മേഖലയിലും ജൂണിൽ നേരിയ ഉണർവുണ്ടായി. ഈ മേഖലയിൽ 10,000 പുതിയ ജോലികൾ സൃഷ്ടിക്കപ്പെട്ടു. എന്നിരുന്നാലും, താരിഫ് പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ച വിൻസർ (ഒന്റാരിയോ) പോലുള്ള നഗരങ്ങളിൽ തൊഴിലില്ലായ്മ നിരക്ക് ഇപ്പോഴും ഉയർന്ന നിലയിലാണ് (11.2%). വിദ്യാർത്ഥികളുടെ തൊഴിലില്ലായ്മ നിരക്ക് 17.4% ആണെങ്കിലും, മെയ് മാസത്തിലെ 20.1% എന്നതിൽ നിന്ന് കുറവുണ്ടായത് നേരിയ ആശ്വാസമാണ്. എന്നിരുന്നാലും, ഈ വിഭാഗത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ ആവശ്യമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
കാനഡയുടെ കേന്ദ്ര ബാങ്കായ ബാങ്ക് ഓഫ് കാനഡ, ജൂലൈ 30-ന് പ്രഖ്യാപിക്കാനിരിക്കുന്ന പുതിയ നയ തീരുമാനങ്ങൾക്കായി ഈ തൊഴിൽ കണക്കുകളെ വളരെ ഗൗരവമായി പരിഗണിക്കും. രാജ്യത്തിന്റെ സാമ്പത്തിക ആരോഗ്യം മെച്ചപ്പെടുന്നതിൻ്റെ സൂചനകൾ ഈ കണക്കുകളിൽ നിന്ന് ലഭിക്കുന്നതിനാൽ, ഇത് പലിശ നിരക്കുകൾ പോലുള്ള നിർണ്ണായക സാമ്പത്തിക തീരുമാനങ്ങളെ സ്വാധീനിച്ചേക്കാനും സാധ്യതയുണ്ട്.



