അമേരിക്കൻ ഉൽപ്പന്നങ്ങളോടുള്ള കാനഡക്കാരുടെ ബഹിഷ്കരണ മനോഭാവം ശക്തമായി തുടരുന്നു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ കാനഡയോടുള്ള വ്യാപാര യുദ്ധവും, കാനഡയെ 51-ാമത്തെ സംസ്ഥാനമാക്കുമെന്ന ഭീഷണികളും ഈ ബഹിഷ്കരണത്തിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒട്ടാവയിലെ മേക്കർ ഹൗസ് എന്ന ഗിഫ്റ്റ് ഷോപിൽ കനേഡിയൻ നിർമ്മിത ഉൽപ്പന്നങ്ങളുടെ വിൽപ്പനയിൽ വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഫർണിച്ചർ, ഭക്ഷണം, ഗ്രീറ്റിംഗ് കാർഡുകൾ എന്നിവയുൾപ്പെടെ കടയിലെ മിക്കവാറും എല്ലാ ഉൽപ്പന്നങ്ങളും കാനഡയിൽ നിർമ്മിച്ചവയാണ്.
കാനഡയെ അമേരിക്കയുടെ 51-ാമത്തെ സംസ്ഥാനമാക്കുമെന്നും കനേഡിയൻ ഉൽപ്പന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്നും ട്രംപ് പ്രഖ്യാപിച്ച ഫെബ്രുവരിയിൽ മേക്കർ ഹൗസിന്റെ വിൽപ്പന 150 ശതമാനം വർധിച്ചു. അതിനുശേഷം വിൽപ്പന 80 ശതമാനം ഉയർന്നു. കാനഡ ദിനത്തോട് അനുബന്ധിച്ച് ഇത് ഇരട്ടിയായി. ട്രംപിന്റെ കാനഡ വിരുദ്ധ പ്രസ്താവനകൾ തുടരുന്നിടത്തോളം കാലം ഈ ബഹിഷ്കരണം നിലനിൽക്കുമെന്നാണ് മേക്കർ ഹൗസ് സ്ഥാപകൻ ഗാരെത്ത് ഡേവിസ് അഭിപ്രായപ്പെടുന്നത്.
സാധാരണയായി ബഹിഷ്കരണങ്ങൾ കാലക്രമേണ ദുർബലമാകാറുണ്ടെങ്കിലും, അമേരിക്കൻ ഉൽപ്പന്നങ്ങളെയും യാത്രകളെയും ബഹിഷ്കരിക്കാനുള്ള കാനഡക്കാരുടെ തീരുമാനം ഇപ്പോഴും ശക്തമായി തുടരുകയാണ്. കാനഡക്കാർ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് പകരം കനേഡിയൻ ഉൽപ്പന്നങ്ങൾ വാങ്ങാൻ താല്പര്യപ്പെടുന്നു. അമേരിക്കയിലേക്കുള്ള കനേഡിയൻ യാത്രക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടായിട്ടുണ്ട്. ട്രംപിന്റെ പ്രകോപനപരമായ പ്രസ്താവനകൾ ഈ ബഹിഷ്കരണത്തിന് തുടർച്ചയായി ഊർജ്ജം പകരുന്നുണ്ടെന്ന് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ മാർക്കറ്റിംഗ് പ്രൊഫസറായ ജൂൺ കോട്ട് പറയുന്നു.
കനേഡിയൻ നിർമ്മിത ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിച്ചതായി കനേഡിയൻ ഫെഡറേഷൻ ഓഫ് ഇൻഡിപെൻഡന്റ് ബിസിനസിന്റെ (CFIB) സർവേയും വ്യക്തമാക്കുന്നു. വ്യാപാര യുദ്ധം ആരംഭിച്ചതിന് ശേഷം 40 ശതമാനം ബിസിനസ്സുകളിലും കനേഡിയൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന വർധിച്ചു. അമേരിക്കൻ ഉൽപ്പന്നങ്ങളുടെ വിൽപ്പന കുറഞ്ഞതായും ഈ സർവേ പറയുന്നു. ഈ ബഹിഷ്കരണം ഒരു ശീലമായി മാറിയേക്കാമെന്നും, ട്രംപിന്റെ കാലാവധി കഴിഞ്ഞാലും ഇത് തുടരാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.



