കാനഡയിലെ സ്കൂളുകളിൽ വർഷാവസാനം ഏറ്റവും മികച്ച മാർക്ക് നേടുന്ന വിദ്യാർത്ഥികൾക്ക് ബിരുദദാനച്ചടങ്ങുകളിൽ അവാർഡുകൾ നൽകുന്ന രീതി നിലവിലുണ്ട്. എന്നാൽ, ഈ അവാർഡുകൾ അക്കാദമിക മികവിന് മാത്രം പ്രാധാന്യം നൽകുന്നതിനെതിരെ ഇപ്പോൾ ചോദ്യങ്ങളുയരുകയാണ്. കുട്ടികളുടെ മാനസികാരോഗ്യ വിദഗ്ധരും വിദ്യാഭ്യാസ വിദഗ്ധരും സ്കൂളുകളോട് അവാർഡ് നയങ്ങളിൽ മാറ്റം വരുത്തണമെന്നും, കുട്ടികളുടെ സമഗ്രമായ വളർച്ചയെ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മാർക്കുകൾ മാത്രം പരിഗണിച്ച് നൽകുന്ന അവാർഡുകൾ കുട്ടികളിൽ ഉത്കണ്ഠയും അസ്വസ്ഥതയും സൃഷ്ടിക്കും. ഇത് ഉയർന്ന മാർക്ക് നേടുന്നവരെയും പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്ന് ടോറോണ്ടോയിലെ ക്ലിനിക്കൽ ചൈൽഡ് സൈക്കോളജിസ്റ്റ് ഡോ. ദിന ലാഫോയാനിസ് പറഞ്ഞു. മാനസിക വളർച്ച, സഹകരണം, നേതൃത്വം, ആശയവിനിമയം തുടങ്ങിയ പ്രക്രിയാത്മകമായ കഴിവുകൾക്ക് കൂടുതൽ പ്രാധാന്യം നൽകണമെന്ന് അവർ നിർദ്ദേശിക്കുന്നു. അക്കാദമിക നേട്ടങ്ങൾക്കൊപ്പം ഇത്തരം കഴിവുകളെയും അംഗീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ വ്യക്തമാക്കി.
ഒന്റാറിയോ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്റ്റഡീസ് ഇൻ എജ്യുക്കേഷനിലെ അസിസ്റ്റന്റ് പ്രൊഫസറും ക്ലിനിക്കൽ സൈക്കോളജിസ്റ്റുമായ ഡോ. ലിൻഡാ ഐവെനോഫും ഇതേ അഭിപ്രായം പങ്കുവെച്ചു. മിഡിൽ സ്കൂൾ കാലഘട്ടത്തിൽ കുട്ടികൾക്ക് സഹപാഠികളുടെ അംഗീകാരം വളരെ പ്രധാനമായതിനാൽ, പരിമിതമായ അവാർഡ് മാനദണ്ഡങ്ങൾ അവരുടെ ആത്മവിശ്വാസം കുറയ്ക്കാനും സ്വയം സംശയങ്ങൾക്കിടയാക്കാനും സാധ്യതയുണ്ടെന്ന് അവർ മുന്നറിയിപ്പ് നൽകുന്നു. പാരമ്പര്യമായി നൽകിവരുന്ന അവാർഡുകൾ അനാരോഗ്യകരമായ മത്സരബുദ്ധിയും, അക്കാദമിക മികവിനെ മാത്രമാണ് സ്കൂൾ അംഗീകരിക്കുന്നത് എന്ന തെറ്റായ സന്ദേശവും നൽകുന്നുവെന്ന് ഡോ. ഐവെനോഫ് പറഞ്ഞു.
ഇതിനുപകരം, സർഗ്ഗാത്മകത, സാമൂഹിക ഉത്തരവാദിത്തം, വെല്ലുവിളികളെ നേരിടാനുള്ള ക്ഷമ തുടങ്ങിയ ഗുണങ്ങളെയും കുട്ടികളിൽ അംഗീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് അവർ അഭിപ്രായപ്പെട്ടു. കുട്ടികളുടെ പരീക്ഷയിലെ മാർക്കിനേയോ അല്ലെങ്കിൽ പരീക്ഷ ഫലത്തെയോ അവരുടെ കഠിനാധ്വാനത്തെയോ അടിസ്ഥാനമാക്കിയുള്ള അംഗീകാരമാണ് അവരിൽ ദീർഘകാല പ്രതിബദ്ധതയും മികച്ച പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള ശേഷിയും വളർത്തുന്നത്,” എന്നാണ് ഡോ. ഐവെനോഫിന്റെ വാദം. മിഡിൽ സ്കൂളുകളിൽ കുട്ടികളുടെ വൈവിധ്യവും സമഗ്ര വളർച്ചയും ബഹുമാനിക്കുന്ന തരത്തിലായിരിക്കണം അവാർഡുകളെന്നും അവർ കൂട്ടിച്ചേർത്തു.



