ബ്രിട്ടീഷ് കൊളംബിയയിലുള്ള ക്രാൻബ്രൂക്ക് പബ്ലിക് ലൈബ്രറി സമൂഹത്തിന് സേവനം നൽകുന്നതിന്റെ നൂറാം വാർഷികം ആഘോഷിച്ചു. ജൂലൈ 4-ന് നൂറ് വയസ്സ് തികച്ച ലൈബ്രറിക്ക് പ്രശസ്തരായ എഴുത്തുകാരായ ലൂയിസ് പെന്നി, ആൻ പാച്ചറ്റ്, ജോൺ ഗ്രിഷാം തുടങ്ങിയവരിൽ നിന്ന് അഭിനന്ദന പ്രവാഹമെത്തി. “ലോർഡ് ഓഫ് ദി റിംഗ്സ്” എന്ന വിഖ്യാത കൃതിയുടെ കർത്താവ് ജെ.ആർ.ആർ. ടോൾകീന്റെ കൊച്ചുമകനും ചരിത്ര ഫിക്ഷൻ എഴുത്തുകാരനുമായ സൈമൺ ടോൾകീൻ വീഡിയോ സന്ദേശത്തിലൂടെ ആശംസകൾ നേർന്നു.
“1925-ൽ കേവലം 95 അംഗങ്ങളുമായി തുടങ്ങിയ ഈ ഗ്രന്ഥശാല ഇന്ന് 10,000-ത്തിലധികം അംഗങ്ങളുള്ള ഒരു സ്ഥാപനമായി മാറിയിരിക്കുന്നു. എത്ര മഹത്തായൊരു യാത്രയാണ് ഈ ലൈബ്രറി നടത്തിയത്!” ലൈബ്രറി ജീവനക്കാർക്കയച്ച വീഡിയോ സന്ദേശത്തിൽ സൈമൺ ടോൾകീൻ പറഞ്ഞു. “ഈ മഹത്തായ അവസരത്തിൽ നിങ്ങൾക്കെല്ലാവർക്കും എൻ്റെ അഭിനന്ദനങ്ങൾ,” അദ്ദേഹം കൂട്ടിച്ചേർത്തു. 1925 ജൂലൈ 4-ന് കുറഞ്ഞ പുസ്തകശേഖരവുമായി ആഴ്ചയിൽ ഒമ്പത് മണിക്കൂർ മാത്രം പ്രവർത്തിച്ചുകൊണ്ടാണ് ലൈബ്രറി പൊതുജനങ്ങൾക്കായി തുറന്നതെന്ന് ലൈബ്രറിയുടെ വെബ്സൈറ്റിൽ പറയുന്നു. അന്നത്തെ മേയറാണ് ലൈബ്രറിയിലെ ആദ്യത്തെ പുസ്തകം എടുത്തതെന്ന് ക്രാൻബ്രൂക്ക് പബ്ലിക് ലൈബ്രറിയുടെ ഡെപ്യൂട്ടി ഡയറക്ടർ മൈക്ക് സെൽബി അറിയിച്ചു.
പുസ്തക നിരോധനങ്ങളെക്കുറിച്ചും മറ്റ് വിഷയങ്ങളെക്കുറിച്ചുമെല്ലാം ആധുനിക ലൈബ്രറികൾ വാർത്തകളിൽ നിറയാറുണ്ട്. ഈ ലൈബ്രറിയുമായി ബന്ധപ്പെട്ട ആദ്യത്തെ വിവാദം ഉണ്ടായത് 1939-ലാണ്. ജോൺ സ്റ്റെയിൻബെക്കിന്റെ “ഓഫ് മൈസ് ആൻഡ് മെൻ” എന്ന പുസ്തകം മാന്യമല്ലെന്ന് തോന്നിയ ഒരു വായനക്കാരൻ അത് നശിപ്പിക്കുകയായിരുന്നു. എന്നാൽ, വായനക്കാർ സെൻസർമാരായി പ്രവർത്തിക്കരുതെന്ന് ലൈബ്രറി ബോർഡ് അന്ന് അദ്ദേഹത്തെ ശക്തമായി ശാസിച്ചുവെന്നും ലൈബ്രറിയുടെ വെബ്സൈറ്റിൽ രേഖപ്പെടുത്തിയിട്ടുണ്ട്.
പുസ്തകങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചതോടെയും സാങ്കേതികവിദ്യ മാറിയതിനനുസരിച്ചും ക്രാൻബ്രൂക്ക് ലൈബ്രറിക്ക് കാലത്തിനനുരിച്ച് മാറേണ്ടി വന്നു. ഏതാണ്ട് രണ്ട് പതിറ്റാണ്ടായി ലൈബ്രറിയിൽ പ്രവർത്തിക്കുന്ന സെൽബി, തൻ്റെ കാലയളവിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു. എന്നിരുന്നാലും, ഒരു കാര്യത്തിന് മാത്രം മാറ്റമുണ്ടായില്ല: ക്രാൻബ്രൂക്കിലെ പൗരന്മാരും നേതാക്കളും പുസ്തകങ്ങളിലേക്കും വിവരങ്ങളിലേക്കുമുള്ള സൗജന്യ ലഭ്യതയിൽ വിശ്വസിച്ചു എന്നതാണത്.
വിവരങ്ങളുടെ തെറ്റിദ്ധാരണകൾ നിറയുന്ന ഈ കാലഘട്ടത്തിൽ ലൈബ്രറികൾക്ക് പ്രാധാന്യം എന്നത്തേക്കാളുമുണ്ടെന്ന് ബി.സി. പ്രീമിയർ ഡേവിഡ് ഈബി വീഡിയോ സന്ദേശത്തിൽ പറഞ്ഞു. “തെറ്റായ വിവരങ്ങളും വ്യാജവാർത്തകളും പ്രചരിക്കുന്ന ഈ കാലഘട്ടത്തിൽ, നിങ്ങൾ സാക്ഷരതയും ശരിയും തെറ്റും തിരിച്ചറിയാനുള്ള വിമർശനാത്മക ചിന്തയും പ്രോത്സാഹിപ്പിക്കുന്നു,”എന്ന് അദ്ദേഹം പറഞ്ഞു. ഒരു നൂറ്റാണ്ടായി നിങ്ങൾ ക്രാൻബ്രൂക്കിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങളെ വിവരമറിയിക്കുകയും വിനോദിപ്പിക്കുകയും ചെയ്യുന്നു. ഇത് മഹത്തായൊരു നേട്ടമാണ്.”
ലൈബ്രറികൾ വെറും വിവരങ്ങൾക്കപ്പുറമാണെന്ന് ചീഫ് ലൈബ്രേറിയൻ ഉർസുല ബ്രിഗ്ലും അഭിപ്രായപ്പെട്ടു. “ജനങ്ങൾക്ക് ജോലി ചെയ്യാനും പഠിക്കാനും വിശ്രമിക്കാനും സ്വന്തമായിരിക്കാനും കഴിയുന്ന ഒരിടം കൂടിയാണിത്. ആളുകൾക്ക് പുതിയ കാര്യങ്ങൾ കണ്ടെത്താനും അറിയാനും ഇവിടെ സ്വാതന്ത്ര്യമുണ്ട്. പൊതു ലൈബ്രറികളുടെ കാതൽ ജനങ്ങളെ സേവിക്കുക എന്നതാണ്.”



