പ്രമുഖ ഫുട്ബോൾ താരം ഡിയോഗോ ജോട്ടയും സഹോദരൻ ആന്ദ്രേ സിൽവയും സ്പെയിനിൽ വെച്ചുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരണപ്പെട്ടു. ലിവർപൂളിന്റെയും പോർച്ചുഗലിന്റെയും മുന്നേറ്റ നിര താരമായിരുന്ന ജോട്ടക്ക് 28 വയസ്സായിരുന്നു. സഹോദരൻ ആന്ദ്രേ സിൽവക്ക് 26 വയസ്സും. വടക്കുപടിഞ്ഞാറൻ സ്പെയിനിലെ സമോറയിൽ, പാലാസിയോസ് ഡി സനാബ്രിയക്ക് സമീപം A-52 ഹൈവേയിൽ വെച്ചാണ് അപകടമുണ്ടായത്. വാഹനം അപകടത്തിൽപ്പെട്ടതിന് ശേഷം തീപിടിച്ചതായി സ്പാനിഷ് അധികൃതർ സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസങ്ങളിലായി വിവാഹിതനായ ജോട്ടയുടെ വിയോഗം ഫുട്ബോൾ ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഭാര്യയും മൂന്ന് കുട്ടികളും അദ്ദേഹത്തിനുണ്ട്. പോർച്ചുഗീസ് ഫുട്ബോൾ ഫെഡറേഷൻ അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും വ്യാഴാഴ്ച സ്പെയിനുമായുള്ള വനിതാ യൂറോപ്യൻ ചാമ്പ്യൻഷിപ്പ് മത്സരത്തിൽ ഒരു മിനിറ്റ് മൗനം ആചരിക്കാൻ അഭ്യർത്ഥിക്കുകയും ചെയ്തു. പാക്കോസ് ഡി ഫെറൈറയിലൂടെ കരിയർ ആരംഭിച്ച ജോട്ട അത്ലറ്റിക്കോ മാഡ്രിഡ്, എഫ്സി പോർട്ടോ, വോൾവർഹാംപ്ടൺ വാണ്ടറേഴ്സ് എന്നീ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്.
2020-ൽ ലിവർപൂളിൽ ചേർന്നതിന് ശേഷം ജോട്ട മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. എഫ്എ കപ്പ്, ലീഗ് കപ്പ്, പ്രീമിയർ ലീഗ് കിരീടങ്ങൾ എന്നിവ ലിവർപൂളിനൊപ്പം അദ്ദേഹം നേടിയിട്ടുണ്ട്. ജോട്ടയുടെയും സഹോദരന്റെയും നിര്യാണത്തിൽ പോർട്ടോയും ലിവർപൂളും അനുശോചനം രേഖപ്പെടുത്തി. കുടുംബത്തിന്റെ സ്വകാര്യതയെ മാനിക്കണമെന്ന് ലിവർപൂൾ അഭ്യർത്ഥിച്ചു. പോർച്ചുഗലിന്റെ രണ്ടാം ഡിവിഷനിൽ പെനാഫിയലിന് വേണ്ടി കളിച്ചിരുന്ന ഫുട്ബോൾ താരമാണ് ആന്ദ്രേ സിൽവ. രണ്ട് യുവ പ്രതിഭകളെയാണ് ഈ ദാരുണമായ അപകടത്തിൽ ഫുട്ബോൾ ലോകത്തിന് നഷ്ടമായത്.






