എഡ്മൻ്റണിൻ്റെ തെക്ക് പടിഞ്ഞാറുള്ള നിരവധി പ്രദേശങ്ങളിൽ ടൊർണാഡോ മുന്നറിയിപ്പ് പുറപ്പെടുവിച്ച് എൻവയോൺമെന്റ് കാനഡ.ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യതയുള്ള അതിശക്തമായ കൊടുങ്കാറ്റ് ഈ മേഖലയിലൂടെ കടന്നുപോയതിനെത്തുടർന്നാണ് അടിയന്തര നടപടി.
വൈകുന്നേരം 5:15-ന് വുൾഫ് ലേക്ക്, സിൻതിയ, ബ്രസ്സോ ഡാം, ഡ്രേട്ടൺ വാലി, ബ്രെറ്റൺ, ആൽഡർ ഫ്ലാറ്റ്സ്, വിൻഫീൽഡ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. വലിയ ആലിപ്പഴ വീഴ്ചക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു.
മുന്നറിയിപ്പ് ബാധകമായ മേഖലകളിലുള്ളവർ ഉടൻതന്നെ സുരക്ഷിതമായ അഭയം തേടണമെന്ന് കർശനമായി നിർദ്ദേശിച്ചിട്ടുണ്ട്. ജനലുകളിൽ നിന്ന് മാറി, ബേസ്‌മെൻ്റുകളിലോ കെട്ടിടങ്ങൾക്കുള്ളിലെ ചെറിയ മുറികളിലോ അഭയം തേടാനാണ് എൻവയൺമെൻ്റ് കാനഡയുടെ നിർദ്ദേശം. മൊബൈൽ വീടുകളിലോ വാഹനങ്ങളിലോ ഉള്ളവർ സുരക്ഷിതമായ കെട്ടിടങ്ങളിലേക്ക് മാറണം. അതിന് സാധിക്കാത്തവർ തല മറച്ച് താഴ്ന്ന സ്ഥലങ്ങളിൽ കിടക്കണമെന്നും നിർദ്ദേശിക്കുന്നു.
ആൽബർട്ടയിൽ വ്യാപകമായ ഉഷ്ണതരംഗ മുന്നറിയിപ്പുകൾ നിലനിൽക്കെയാണ് ഈ ടൊർണാഡോ മുന്നറിയിപ്പും എത്തുന്നത്. കൂടാതെ, സംസ്ഥാനത്തുടനീളം നിരവധി കൊടുങ്കാറ്റ്, ടൊർണാഡോ നിരീക്ഷണങ്ങളും നിലവിൽ പ്രാബല്യത്തിലുണ്ട്. അധികൃതർ നിലവിലെ സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയും, പുതിയ വിവരങ്ങൾക്കായി ജാഗരൂകരായിരിക്കാൻ പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്യുന്നു



