മാരിടൈം പ്രവിശ്യകളിൽ ഈ ആഴ്ച അതിശക്തമായ ഉഷ്ണതരംഗം തുടരുന്നു, ഇതേത്തുടർന്ന് എൻവയോൺമെന്റ് കാനഡ മേഖലയിലെ മിക്ക പ്രദേശങ്ങളിലും ഉഷ്ണതരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. ന്യൂ ബ്രൺസ്വിക്ക്, നോവാ സ്കോഷ്യ, പ്രിൻസ് എഡ്വേർഡ് ഐലൻഡ് എന്നിവിടങ്ങളിൽ താപനില 30 ഡിഗ്രി സെൽഷ്യസിനോ അതിലധികമോ എത്താൻ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ സാന്നിധ്യം കൂടി കണക്കിലെടുക്കുമ്പോൾ, ഇത് 37 ഡിഗ്രി സെൽഷ്യസായി അനുഭവപ്പെടാൻ സാധ്യതയുണ്ട്.
സെൻട്രൽ-സതേൺ ന്യൂ ബ്രൺസ്വിക്കിൽ ബുധനാഴ്ച താപനില 30°C-ൽ എത്തുമെന്നും, ഹ്യുമിഡിറ്റി കാരണം 37°C ആയി അനുഭവപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. വ്യാഴാഴ്ചയും ചൂടേറിയ കാലാവസ്ഥ തുടരുമെങ്കിലും, വൈകുന്നേരത്തോടെ താപനിലയിൽ നേരിയ കുറവുണ്ടാകാൻ സാധ്യതയുണ്ട്. രാത്രികാലങ്ങളിൽ താപനില 20°C ആയിരിക്കും, ഇത് പ്രദേശവാസികൾക്ക് കാര്യമായ ആശ്വാസം നൽകില്ല.
കേപ് ബ്രെട്ടൻ, അനാപൊളിസ് വാലി ഉൾപ്പെടെയുള്ള വടക്കൻ നോവാ സ്കോഷ്യയയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ഉഷ്ണതരംഗ മുന്നറിയിപ്പുണ്ട്. ഇവിടെ പകൽ താപനില 31°C എത്താൻ സാധ്യതയുണ്ട്, ഹ്യുമിഡിറ്റി സൂചിക 30-ലേക്കും അതിലും ഉയർന്ന നിലയിലേക്കും എത്താം. വ്യാഴാഴ്ചയും ചൂട് തുടരുമെങ്കിലും, വ്യാഴാഴ്ച രാത്രിയോടെയാണ് താപനില കുറയാൻ സാധ്യത. പ്രവിശ്യയുടെ തെക്കൻ തീരത്ത് ബുധനാഴ്ച രാവിലെ നിലവിലുണ്ടായിരുന്ന കടുത്ത ഇടിമിന്നൽ മുന്നറിയിപ്പ് പിന്നീട് പിൻവലിച്ചു.
പ്രിൻസ് എഡ്വേർഡ് ഐലൻഡിന്റെ മുഴുവൻ പ്രദേശങ്ങളിലും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇവിടെ പകൽ താപനില 30°C-ൽ എത്തുമെന്നും, ഹ്യുമിഡിറ്റി കൂടി പരിഗണിക്കുമ്പോൾ 37°C ആയി അനുഭവപ്പെടുമെന്നും പ്രതീക്ഷിക്കുന്നു. ബുധനാഴ്ചത്തെ അതേ അവസ്ഥ വ്യാഴാഴ്ചയും പ്രതീക്ഷിക്കുന്നു, ശേഷം ദിവസത്തിന്റെ അവസാനത്തോടെ ആശ്വാസം ലഭിക്കും.
ചൂടിൽനിന്നും രക്ഷനേടുന്നതിനായി ആവശ്യത്തിന് വെള്ളം കുടിക്കാനും പ്രായമായവരെയും ഒറ്റയ്ക്ക് താമസിക്കുന്നവരെയും പോലുള്ള ദുർബല വിഭാഗങ്ങളെ ശ്രദ്ധിക്കാനും കാനഡ പരിസ്ഥിതി വകുപ്പ് ജനങ്ങളോട് അഭ്യർത്ഥിച്ചു. തലവേദന, ഓക്കാനം, തലകറക്കം, എന്നിവ ഹീറ്റ് എക്സ്ഹോസ്റ്റ്ഷന്റെ ലക്ഷണങ്ങളാണ്. ചുവന്ന ചർമ്മം, ബോധക്ഷയം എന്നിവ ഹീറ്റ് സ്ട്രോക്കിന്റെ ലക്ഷണങ്ങളാവാം, അടിയന്തര വൈദ്യസഹായം തേടേണ്ടത് അത്യാവശ്യമാണ്. വീടിനുള്ളിൽ ചൂട് കൂടുതലാണെങ്കിൽ എയർ കണ്ടീഷൻ ചെയ്ത പൊതുസ്ഥലങ്ങളിലോ തണലുള്ള സ്ഥലങ്ങളിലോ സമയം ചെലവഴിക്കാനും ഏജൻസി ശുപാർശ ചെയ്യുന്നു






