റോഡിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഡ്രൈവർമാർക്ക് ഗതാഗത സുരക്ഷാ കൗൺസിൽ ശക്തമായ മുന്നറിയിപ്പ് നൽകി. വേഗത കുറയ്ക്കാനും മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കാനും ഡ്രൈവർമാരോട് കൗൺസിൽ ആവിശ്യപ്പെട്ടു. വ്യാഴാഴ്ച ഒട്ടാവയിൽ കാൽനടയാത്രക്കാരെ ഇടിച്ച മൂന്ന് അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതിൽ ബൈവേർഡ് മാർക്കറ്റിലെ ജോർജ്ജ് സ്ട്രീറ്റിൽ ഒരു വനിതയെ എസ്‌യുവി ഇടിച്ചു തെറിപ്പിക്കുകയും ചെയ്തു. കൂടാതെ, ബുധനാഴ്ച അൽമോണ്ടിൽ (ഒന്റാരിയോ) ഒരു 9 വയസ്സുകാരൻ സൈക്കിളിൽ വീട്ടിലേക്ക് മടങ്ങുമ്പോൾ സ്കൂൾ ബസിടിച്ച് മരിച്ച ദാരുണമായ സംഭവവും ഉണ്ടായി.
ഒട്ടാവ സേഫ്റ്റി കൗൺസിലിലെ ജാമി ക്വോങ്ങാണ് ഡ്രൈവർമാർക്ക് നിർദ്ദേശങ്ങൾ നൽകിയത്. സ്കൂൾ പരിസരങ്ങളിലും നിശ്ചിത മേഖലകളിലും വേഗത കുറയ്ക്കണമെന്നും ക്രോസിംഗ് ഗാർഡുമാരെ മാനിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കുട്ടികളെ സുരക്ഷിതമായി റോഡ് കടന്നുപോകാൻ സഹായിക്കാൻ ഡ്രൈവർമാരുടെ സഹകരണം അനിവാര്യമാണെന്നും ക്വോങ് ഓർമ്മിപ്പിച്ചു. വാഹനം ഓടിക്കുമ്പോൾ ഫോണിൽ സംസാരിക്കുന്നതും, വാഹനത്തിലെ ഡയലുകളുമായി ഇടപെടുന്നതും, ഡ്രൈവിങ്ങിനിടെ ഭക്ഷണം കഴിക്കുന്നതും പൂർണ്ണമായും ഒഴിവാക്കണമെന്ന് കൗൺസിൽ നിർദ്ദേശിച്ചു.
പുതിയ വാഹനങ്ങൾ ഓടിക്കുമ്പോൾ അവയുടെ ബ്ലൈൻഡ് സ്പോട്ടുകൾ എവിടെയാണെന്ന് മനസ്സിലാക്കുന്നത് അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി. വാഹനം ഓടിക്കുന്നവരും കാൽനടയാത്രക്കാരും പരസ്പരം ശ്രദ്ധിക്കണമെന്ന് ക്വോങ് പറഞ്ഞു. നാല് ടൺ ഭാരമുള്ള വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും കുട്ടികളും സൈക്കിൾ യാത്രക്കാരും പ്രായമായവരും ഗുരുതര അപകടങ്ങൾക്ക് സാധ്യതയുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോഡ് സുരക്ഷാ ബോധവത്കരണം അനിവാര്യമാണെന്നും ഒട്ടാവ സേഫ്റ്റി കൗൺസിൽ ‘റോഡ് സ്മാർട്സ് ഫോർ കിഡ്‌സ്’ (RoadSmarts4Kids) എന്ന സംരംഭത്തിലൂടെ കുട്ടികൾക്ക് റോഡ് സുരക്ഷാ പാഠങ്ങൾ പഠിപ്പിക്കുന്നുണ്ടെന്നും ക്വോങ് അറിയിച്ചു. കുട്ടികൾക്ക് ചെറുപ്പത്തിൽ ലഭിക്കുന്ന ഈ അറിവ് അവരുടെ മാതാപിതാക്കളെയും സ്വാധീനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ വേനൽക്കാലത്ത് സുരക്ഷിതമായും ശ്രദ്ധയോടെയും ഉത്തരവാദിത്തത്തോടെയും വാഹനമോടിച്ച് റോഡിലെ ഓരോ ജീവനോടും ബഹുമാനം കാണിക്കണമെന്നും കൗൺസിൽ വ്യക്തമാക്കി.



