രാജ്യാന്തര ബഹിരാകാശ നിലയത്തിൽ നിന്ന് ആദ്യ സന്ദേശമയച്ച് ബഹിരാകാശ യാത്രികൻ ശുഭാംശു ശുക്ല. അടുത്ത 14 ദിവസങ്ങൾ അതിശയകരമായിരിക്കുമെന്നാണ് അദ്ദേഹം പറയുന്നത്. ബഹിരാകാശ നിലയത്തിലെ ഓർബിറ്റൽ ലബോറട്ടറിയിൽ എത്തിയ തനിക്ക് കൂടുതൽ സുഖം തോന്നുന്നതായും ഭൂമിയെ ഐഎസ്എസിൽ നിന്ന് കണ്ട ചുരുക്കം ചിലരിൽ ഒരാളാകാൻ കഴിഞ്ഞതിൽ തനിക്ക് അഭിമാനമുണ്ടെന്നും ശുഭാംശു പറഞ്ഞു. ‘‘ഞാൻ ബഹിരാകാശത്ത് എത്തുന്ന 634–ാം സഞ്ചാരിയാണ്. ഇവിടെ എത്തിച്ചേരാൻ കഴിഞ്ഞത് ഒരു പദവിയാണ്. നിങ്ങൾ എന്നെ സ്വാഗതം ചെയ്തു, അക്ഷരാർത്ഥത്തിൽ ഞങ്ങൾക്കായി നിങ്ങളുടെ വാതിലുകൾ തുറന്നിട്ടതുപോലെ. ഇവിടെ ഒരു കുഞ്ഞിനെ പോലെയാണ് ഞാൻ. നടക്കാൻ പഠിക്കുന്നു. ഭക്ഷണം കഴിക്കാൻ പരിശീലിക്കുന്നു. ഗുരുത്വാകർഷണം ഇല്ലാത്തിടത്ത് ജീവിക്കാൻ പഠിക്കുന്നു. ആദ്യ ചുവടുവയ്പുകളിലെ പിഴവുകൾ പോലും ഞങ്ങൾ പരസ്പരം ആസ്വദിക്കുന്നു. ഞാൻ ഒരുപാട് ഉറങ്ങുന്നുണ്ടെന്നാണ് സഹപ്രവർത്തകർ പറയുന്നത്.’’ – ശുഭാംശു പറഞ്ഞു.
ശുഭാംശു ശുക്ല ഉൾപ്പെട്ട ആക്സിയം –4 ദൗത്യസംഘം രാജ്യാന്തര ബഹിരാകാശ നിലയത്തിൽ ഡോക്കിങ് നടപടികൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയാക്കിയത്. 24 മണിക്കൂറിലേറെ നീളുന്ന യാത്രയ്‌ക്കൊടുവിവിലാണ് സംഘം നിലയത്തിലെത്തിയത്. നാസയുടെ മുൻ ബഹിരാകാശ സഞ്ചാരിയും ആക്സിയം സ്പേസിന്റെ ഹ്യൂമൻ സ്പേസ്ഫ്ളൈറ്റ് ഡയറക്ടറുമായ പെഗ്ഗി വിറ്റ്സണാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്. ഇന്ത്യൻ സഞ്ചാരി ശുഭാംശു ശുക്ലയാണ് പൈലറ്റ്. ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിന്റെ കമാൻഡറാണ് അദ്ദേഹം. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് യാത്ര ചെയ്യുന്ന ആദ്യ ഇന്ത്യക്കാരനാണ് ശുഭാംശു ശുക്ല. ബഹിരാകാശ യാത്ര നടത്തുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും.



