കാനഡയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന നൂറുകണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളെ സ്വാധീനിച്ച് വ്യാജ ഓഫർ ലെറ്റർ നൽകി വഞ്ചിച്ച കേസിൽ മുഖ്യസൂത്രധാരൻ അറസ്റ്റിൽ. പഞ്ചാബ് പൊലീസാണ് ബ്രിജേഷ് മിശ്രയെ പിടികൂടിയത്. ജൂൺ 24 ന് ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ മിശ്രയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് അറിയിച്ചു. ബീഹാറിലെ ദർഭംഗയിലെ തൽവാഡ സ്വദേശിയായ മിശ്ര ജൂൺ 22 ന് ടൊറന്റോയിൽ നിന്ന് നാട്ടിലേക്ക് വിമാനം കയറിയിരുന്നു. ബ്രിജേഷ് മിശ്രയ്ക്കെതിരെ രജിസ്റ്റർ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട് നേരത്തെ ലുക്ക് ഔട്ട് സർക്കുലർ (എൽഒസി) പുറപ്പെടുവിച്ചിരുന്നതിനാൽ ഡൽഹിയിലെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടൻ തന്നെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് ജലന്ധർ പോലീസ് കസ്റ്റഡിയിലെടുത്തെന്ന് ജലന്ധർ അഡീഷണൽ ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ഹരീന്ദർ സിംഗ് ഗിൽ സ്ഥിരീകരിച്ചു,
ഈ റാക്കറ്റിൽ ഉൾപ്പെട്ട മറ്റുള്ളവരെക്കുറിച്ചും, കോളേജുകളിൽ നിന്ന് വ്യാജ ഓഫർ ലെറ്ററുകൾ എങ്ങനെ നിർമ്മിച്ചു, എത്ര വിദ്യാർത്ഥികളെ ബന്ധപ്പെട്ടു, ഇരകളിൽ നിന്ന് എത്ര പണം ഈടാക്കി എന്നിങ്ങനെയുള്ള കാര്യങ്ങൾ പ്രതിയോട് വിശദമായി ചോദിക്കുമെന്ന് ഹരീന്ദർ സിംഗ് ഗിൽ വ്യക്തമാക്കി. കസ്റ്റഡിയിലെടുത്തപ്പോൾ ഏകദേശം ഒന്നര വർഷത്തോളം കനേഡിയൻ അധികൃതരുടെ കസ്റ്റഡിയിൽ കഴിഞ്ഞതായി മിശ്ര സമ്മതിച്ചതായി ഗിൽ പറഞ്ഞു. തുടർന്ന്, തടങ്കലിൽ നിന്ന് മോചിതനായ ശേഷം, ഇന്ത്യയിലേക്ക് മടങ്ങുന്നതിന് മുമ്പ് ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ ഏതാനും മാസങ്ങൾ താമസിച്ചുവെന്നും പ്രതി പൊലീസിനോട് പറഞ്ഞിരുന്നു.
2023 ജൂൺ 23 ന്, കാനഡ ബോർഡർ സർവീസസ് ഏജൻസി (സിബിഎസ്എ) നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് മിശ്രയെ പിടികൂടിയത്. സിബിഎസ്എ വിശദമായ അന്വേഷണം നടത്തുകയും ബ്രിജേഷ് മിശ്രയുടെ കമ്പനിയായ എഡ്യൂക്കേഷൻ ആൻഡ് മൈഗ്രേഷനെതിരെ നടപടിയെടുക്കുകയും ചെയ്തിരുന്നു. 2023 മാർച്ചിൽ, മിശ്രയുടെ സ്ഥാപനെ പഠന വിസ പ്രോസസ്സ് ചെയ്യുന്നതിന് വ്യാജ ഓഫർ ലെറ്ററുകൾ നൽകിയതുമായി ബന്ധപ്പെട്ട് ഏകദേശം 700 വിദ്യാർത്ഥികൾക്ക് സിബിഎസ്എ നാടുകടത്തൽ നോട്ടീസ് നൽകിയിരുന്നു.


