ടൊറന്റോയിലെ സ്കാർബറോ ഭാഗത്തേക്കുള്ള ഹൈവേ 401-ൽ ഇന്ന് രാവിലെ വലിയ ഗതാഗത തടസ്സങ്ങൾ അനുഭവപ്പെട്ടു. നെയിൽസൺ റോഡിന് സമീപമുള്ള വെസ്റ്റ്‌ബൗണ്ട് ലൈനുകളിൽ പുലർച്ചെ ഒരു മണിയോടെയുണ്ടായ വാഹനാപകടമാണ് ഇതിന് കാരണം. ഒരു ടോ ട്രക്ക് ട്രാൻസ്പോർട്ട് ട്രെയിലർ വലിച്ചുകൊണ്ട് പോകുമ്പോൾ കോൺക്രീറ്റ് മതിലിൽ ഇടിക്കുകയും, ഇടിയുടെ ആഘാതത്തിൽ വാഹനത്തിന് തീപിടിക്കുകയുമായിരുന്നു.
അപകടത്തിൽ ഡ്രൈവർക്ക് ജീവന് ഭീഷണിയല്ലാത്ത പരിക്കേറ്റതായി ഒ.പി.പി ഹൈവേ സേഫ്റ്റി ഡിവിഷൻ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഡ്രൈവർക്കെതിരെ “അശ്രദ്ധമായി വാഹനമോടിച്ചു” എന്ന കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്.
അപകടത്തെത്തുടർന്ന് വെസ്റ്റ്‌ബൗണ്ട് കളക്ടർ ലൈനുകൾ രാവിലെ മുഴുവനും അടച്ചിടുമെന്ന് ഒ.പി.പി. വക്താവ് സർജന്റ് കെറി ഷ്മിറ്റ് വ്യക്തമാക്കി. രാവിലെ 10 മണിക്ക് മുൻപായി ലൈനുകൾ തുറക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “ഈ ഭാഗത്തുനിന്ന് ഗ്രേറ്റർ ടൊറന്റോ ഏരിയയിലേക്ക് യാത്ര ചെയ്യുന്നവർക്ക് ഇത് വലിയ ബുദ്ധിമുട്ടുണ്ടാക്കും” ഷ്മിറ്റ് പറഞ്ഞു. ഈ പാതയിലൂടെയുള്ള യാത്രക്കാർ മറ്റു വഴികൾ ഉപയോഗിക്കാൻ ശ്രദ്ധിക്കുക.



